കാവുമന്ദം സ്വദേശിയിൽ നിന്ന് സിങ്കപ്പൂരിൽ ജോബ് വിസ നൽകാമെന്ന് വാഗ്‌ദാനം നൽകി പണം തട്ടിയയാൾ അറസ്റ്റിൽ
കാവുമന്ദം സ്വദേശിയിൽ നിന്ന് സിങ്കപ്പൂരിൽ ജോബ് വിസ നൽകാമെന്ന് വാഗ്‌ദാനം നൽകി പണം തട്ടിയയാൾ അറസ്റ്റിൽ
കൽപ്പറ്റ: കാവുമന്ദം സ്വദേശിയിൽ നിന്ന് സിങ്കപ്പൂരിൽ ജോബ് വിസ നൽകാമെന്ന് വാഗ്‌ദാനം നൽകി പണം തട്ടിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി വസന്തകുമാർ (41) ആണ് അറസ്റ്റിലായത്. വയനാട് സൈബർ പോലീസ് ചെന്നൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
1,13,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. വ്യാജ സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. 2017- ലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ കണ്ടെത്താൻ സാധിക്കാത്തതിനാൽ ജില്ലാ പോലീസ് മേധാവി 2021 അവസാനം അന്വേഷണം വയനാട് സൈബർ ക്രൈം പോലീസിന് കൈമാറുകയായിരുന്നു.
വയനാട് സൈബർ സ്റ്റേഷനിലെ എസ്.സി.പി.ഒ. പി.എ. അബ്ദുൽ ഷുക്കൂർ, എം.എസ്. റിയാസ്, സി. വിനീഷ എന്നിവരാണ് പ്രതിയെ പിടികൂടിയത്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.