മണിമുണ്ട കോളനിക്കാർക്ക് ഇനി ചികിത്സക്കായി കാടിറങ്ങേണ്ട ; ടെലി മെഡിസിന്‍ പദ്ധതിയിലൂടെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താം
1 min readമണിമുണ്ട കോളനി വാസികള്‍ക്ക് ഇനി ചികില്‍സക്കായി കാടിറങ്ങേണ്ട ; ടെലി മെഡിസിന്‍ പദ്ധതിയിലൂടെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താം
നൂല്‍പ്പുഴ : നൂൽപ്പുഴ പഞ്ചായത്തിലെ മണിമുണ്ട കോളനിവാസികള്‍ക്ക് സന്തോഷത്തിന്റെ ദിനമായിരുന്നു ഇന്നലെ. കാടിറങ്ങാതെ തന്നെ വിദഗ്ധ ചികില്‍സാ സൗകര്യം ലഭ്യമായതിന്റെ സന്തോഷം മധുരം വിളമ്പിയാണ് കോളനിവാസികള്‍ പങ്കുവെച്ചത്.
മണിമുണ്ട കോളനിവാസികള്‍ക്ക് ഒരു ഡോക്ടറുടെ സേവനം ലഭ്യമാകണമെങ്കില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാനനപാതയും കടന്ന് നൂല്‍പ്പുഴ പി.എച്ച്.സിയില്‍ എത്തണം. രാത്രി കാലങ്ങളില്‍ കോളനിവാസികള്‍ക്ക് ഒരു അസുഖവും വരരുതെയെന്ന് കോളനിവാസികള്‍ മനമുരുകി പ്രാര്‍ത്ഥിക്കും. കാരണം രാത്രിയാത്ര അവര്‍ക്ക് അത്രയും ദുഷ്‌ക്കരമാണ്. മിക്കപ്പോഴും ആശുപത്രിയിലേക്ക് എത്താന്‍ ആശ്രയം കാല്‍നടയായിരിക്കും. അതും വന്യമൃഗ ഭീഷണി അവഗണിച്ച് കൊണ്ടുള്ള യാത്ര. ഊരാളി, കാട്ടുനായിക്ക പോലുള്ള വിവിധ ഗോത്രവര്‍ഗ്ഗക്കാരാണ് മണിമുണ്ട കോളനിയിലുള്ളത്. ബത്തേരി നായിക്കട്ടി റോഡില്‍ നിന്നും 5 കിലോമീറ്ററോളം വനത്തിനുള്ളിലാണ് കോളനി സ്ഥിതി ചെയ്യുന്നത്.
ഇനി മുതല്‍ മണിമുണ്ട കോളനിവാസികള്‍ക്ക് ആശ്വസിക്കാം . എല്ലാവര്‍ക്കും ടെലി മെഡിസിന്‍ പദ്ധതിയിലൂടെ ഓണ്‍ലൈനായി ഇനി ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താം. മണിമുണ്ടയിലെ ജനങ്ങളെ നൂല്‍പ്പുഴ ആരോഗ്യ കേന്ദ്രവുമായി വൈഫൈ വഴി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുമായ് ബന്ധപ്പെട്ട ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പരിശീലനം കോളനി നീവാസികള്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്.
ടെലിമെഡിസിനില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ സേവനം ഇവര്‍ക്ക് ലഭ്യമാക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി രോഗികളുമായി സംസാരിക്കുകയും മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. മരുന്നുകള്‍ കോളനികളില്‍ തന്നെ ലഭ്യമാക്കുന്നതിനും വിതരണം ചെയ്യുന്നതിനുമാവശ്യമായ സംവിധാനം കോളനിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ടെലി മെഡിസിന്‍ പദ്ധതി മാത്രമാണ് നടപ്പിലാക്കുന്നതെങ്കിലും രണ്ടാം ഘട്ടത്തില്‍ കോളനിയിലെ കുട്ടികള്‍ക്ക് വൈഫൈ സംവിധാനത്തോടെയുള്ള പഠന ക്ലാസ് ഒരുക്കുന്നതിനും പദ്ധതിയുണ്ട്. വൈദ്യുതി ദൗര്‍ലഭ്യം പരിഹരിക്കാന്‍ സോളാര്‍ സംവിധാനവും ഒരുക്കാനുള്ള ആലോചനയിലാണ് അധികൃതര്‍.
നൂല്‍പ്പുഴ പഞ്ചായത്തിലെ മണിമുണ്ട കോളനിയില്‍ ആരംഭിച്ച ടെലി മെഡിസിന്‍ പദ്ധതിയുടെ ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ചടങ്ങില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീശന്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ സാജിത പി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പുഷ്പ അനൂപ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജയ എം.കെ, വാര്‍ഡ് മെമ്പര്‍ പുഷ്പ എ.എന്‍, എ.ഡി.എം.സി വാസുപ്രദീപ്, ഡി.പി എം ജയേഷ് പി, കോര്‍ഡിനേറ്റര്‍ സായ് കൃഷ്ണ ടി.വി തുടങ്ങിയവര്‍ സംസാരിച്ചു.നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ മണിമുണ്ട കോളനിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍, നൂല്‍പ്പുഴ പി.എച്ച്.സി, എറാടെക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.