September 11, 2024

ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനെ കഞ്ചാവ് കേസിൽപ്പെടുത്തി ; മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

1 min read
Share

ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനെ കഞ്ചാവ് കേസിൽപ്പെടുത്തി ; മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വെള്ളമുണ്ട : ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനെ കഞ്ചാവ് കേസിൽപ്പെടുത്തിയെന്ന പരാതിയിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫ്, ഗ്രേഡ് എസ്.ഐ സുരേന്ദ്രന്‍, ഗ്രേഡ് എ.എസ്‌.ഐ മുഹമ്മദലി എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പീച്ചങ്കോട് സ്വദേശിയായ തട്ടാങ്കണ്ടി സാബിത്തിനെതിരെയാണ് കഞ്ചാവുപയോഗിച്ചെന്ന പേരില്‍ വെള്ളമുണ്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ടാണ് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഹെല്‍മറ്റും മാസ്‌കും ധരിക്കാതെ ബൈക്ക് യാത്ര ചെയ്ത യുവാവിനെ പിടികൂടിയ പോലീസ് പിന്നീട് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് യുവാവിനെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ച് ബന്ധപ്പെട്ടവര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ.ജി, ഡി.ഐ.ജി എന്നിവര്‍ അന്വേഷണ വിധേയമായി മൂവരേയും സസ്‌പെന്റ് ചെയ്യുകയുമായിരുന്നു.

വാഹന പരിശോധനക്കിടെ ഹെല്‍മറ്റും മാസ്‌കുമില്ലാതെ വന്ന സാബിത്തിനെ പോലീസ് പിടികൂടി വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച ശേഷം വാഹനം സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുകയും അടുത്ത ദിവസം 500 രൂപ പിഴയടച്ച് വിട്ടയക്കുകയുമായിരുന്നു. എന്നാല്‍ പിന്നീട് സാബിത്തിനെ ഫോണില്‍ വിളിച്ച് പണം കോടതിയിലടച്ചാല്‍ മതിയെന്നും സ്‌റ്റേഷനില്‍ അടച്ച പണം തിരിച്ചു വാങ്ങാനും ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് പണം തിരികെ വാങ്ങി വീട്ടിലെത്തിയ ശേഷമാണ് തനിക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് എന്‍.ഡി.പി.എസ് കേസാണ് എടുത്തതെന്ന് അറിയുന്നതെന്ന് സാബിദ് പറയുന്നു. ഇതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും വയനാട് എ.എസ്.പി സാബിതിന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

പ്രാഥമികാന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച ബോധ്യപ്പെട്ടതിനാല്‍ എന്‍.ഡി.പി.എസ് കേസെടുത്തതിനും, അന്വേഷണം നടത്തിയതിനും ഗ്രേഡ് എസ്.ഐ സുരേന്ദ്രന്‍, എ.എസ്.ഐ മുഹമ്മദലി എന്നിവരെ റേഞ്ച് ഡി.ഐ.ജി രാഹുല്‍ ആര്‍. നായരും, കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതില്‍ അശ്രദ്ധയും, കൃത്യവിലോപവും കാണിച്ചതിന് സ്‌റ്റേഷന്റെ ചുമതലയുള്ള സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഷജു ജോസഫിനെ നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ എസ്.എം.എസ് ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.