വയനാട് വന്യജീവിസങ്കേതത്തില്‍ പോലീസുകാരന്റെ നായാട്ട് ; രണ്ട് പേർ കൂടി അറസ്റ്റിൽ
വയനാട് വന്യജീവിസങ്കേതത്തില്‍ പോലീസുകാരന്റെ നായാട്ട് ; രണ്ട് പേർ കൂടി അറസ്റ്റിൽ
ബത്തേരി: വയനാട് വന്യജീവിസങ്കേതത്തില്‍ തമിഴ്നാട് പോലീസ് കോണ്‍സ്റ്റബിള്‍ നാടന്‍ തോക്കുമായി നായാട്ടിനെത്തിയ സംഭവത്തില്‍ രണ്ട് പേര്‍കൂടി അറസ്റ്റില്‍. എരുമാട് ആടുകാലായില്‍ ബേസില്‍ എബ്രഹാം(34), മൂന്നനാട് കൊന്നാട്ട് സുരേഷ്(43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ മുന്‍കൂര്‍ ജ്യാമ്യാപേക്ഷ കോടതി തള്ളിയതോടെ വനംവകുപ്പിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തി ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ അഞ്ചുപേര്‍കൂടി പിടിയിലാകാനുണ്ട്. കീഴടങ്ങിയ രണ്ടു പേര്‍ പോലീസുകാരനോടൊപ്പം കാട്ടില്‍ വേട്ടയ്ക്കെത്തിയ സംഘത്തിലുണ്ടായിരുന്നവരാണ്. സംഘമെത്തിയ വാഹനം ഓടിച്ചിരുന്നത് ബേസില്‍ എബ്രഹാമായിരുന്നുവെന്നും സ്ഥിരമായി ഈ സംഘം വനത്തില്‍ നായാട്ട് നടത്തുന്നവരാണെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
2021 സെപ്തംബര്‍ പത്തിന് പുലർച്ചെ രണ്ട് മണിക്കാണ് മുത്തങ്ങ റെയിഞ്ചിലെ പൂമുറ്റം വനമേഖലയില്‍ സംഘം എത്തിയത്. തോക്ക് ഒളിപ്പിക്കാന്‍ ശ്രമിച്ച നായാട്ടു സംഘത്തിലുണ്ടായിരുന്ന തമിഴ്നാട് കയ്യൂന്നി കൊരണ്ടിയാര്‍ കുന്നില്‍ കെ.കെ.ജജോ (38), ഗൂഡല്ലൂര്‍ ധര്‍മ്മഗിരി സ്വദേശിയും എരുമാട് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളുമായ ജെ.ഷിജു (40) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ നാല് പേരാണ് ഇതുരെ അറസ്റ്റിലായിട്ടുള്ളത്.
മുഖ്യപ്രതിയായ ഷിജുവിന്റെ നേതൃത്വത്തിലാണ് സംഘം വേട്ടയ്ക്കിറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍, കടുവയുടെ കണക്കെടുപ്പിനായി സ്ഥാപിച്ച കാമറയില്‍ പതിയുകയായിരുന്നു. ജീന്‍സും ടീഷര്‍ട്ടും ധരിച്ച് ഹെഡ്‌ലൈറ്റും കൈയ്യില്‍ തോക്കും അരയില്‍ കത്തിയുമായി ഷിജു കാട്ടിലൂടെ നടന്നുപോകുന്ന ചിത്രങ്ങളാണ് കാമറയില്‍ പതിഞ്ഞത്. കാമറയില്‍ നിന്ന് ഫ്ളാഷ് അടിച്ചതോടെ വേട്ടശ്രമം ഉപേക്ഷിച്ച് ഷിജു രക്ഷപ്പെടുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കേരള വനംവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നീലഗിരി ജില്ലാ പോലീസ് മേധാവി ഷിജുവിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. മുത്തങ്ങ് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.പി.സുനില്‍കുമാര്‍, തോട്ടാമൂല ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.എന്‍.രാഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.