ഗ്രൗണ്ട് നവീകരിക്കാൻ മണ്ണിട്ടു : തുടർ പ്രവൃത്തികൾ ഉണ്ടായില്ല ; അധികൃതരുടെ അവഗണനയിൽ കളിയകന്ന് കരണി മിനിസ്റ്റേഡിയം
1 min read
ഗ്രൗണ്ട് നവീകരിക്കാൻ മണ്ണിട്ടു : തുടർ പ്രവൃത്തികൾ ഉണ്ടായില്ല ; അധികൃതരുടെ അവഗണനയിൽ കളിയകന്ന് കരണി മിനിസ്റ്റേഡിയം
എഴുത്ത്: റസാക്ക് സി. പച്ചിലക്കാട്
കണിയാമ്പറ്റ : ജില്ലയിലെ ശ്രദ്ധേയമായ ഒട്ടേറെ ടൂർണമെന്റുകൾക്ക് സാക്ഷ്യം വഹിച്ച കണിയാമ്പറ്റ പഞ്ചായത്തിലെ കരണി മിനിസ്റ്റേഡിയത്തിൽ കളിയകന്നിട്ട് ഒരു വർഷം. നിരവധി കായിക പ്രതിഭകളെ വാർത്തെടുത്ത ഈ കളിസ്ഥലം ഇപ്പോൾ സമൂഹ വിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രവും മാലിന്യം തള്ളാനുള്ള ഇടവുമായി മാറിയിയിട്ടും അധികൃതരുടെ കടുത്ത അവഗണന തുടരുന്നത് കായികപ്രേമികളുടെ പ്രതിഷേധങ്ങൾക്കിടയാക്കുകയാണ്.
രണ്ട് പതിറ്റാണ്ടോളം പഴക്കം ചെന്ന മിനി സ്റ്റേഡിയം നവീകരിക്കാൻ പദ്ധതിയിട്ടതാണ് കായിക താരങ്ങൾക്ക് വിനയായി മാറിയത്. തുടങ്ങിയ പ്രവൃത്തി പൂർത്തീകരിക്കാതെ പാതിവഴിയിൽ നിലച്ചതോടെ കളിയെന്ന സ്വപ്നം കടലാസിൽ ഒതുങ്ങിയ അവസ്ഥയാണ്. കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കരണി മിനിസ്റ്റേഡിയം നവീകരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അഞ്ച് ലക്ഷം രൂപയോളം വിനിയോഗിച്ച് ഗ്രൗണ്ടിൽ രണ്ട് ഘട്ടങ്ങളിലായി മൂന്നടിയോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തുകയും അരികിലെ ചുറ്റുമുള്ള കലുങ്കിന്റെ പണി പൂർത്തീകരിക്കാനും ലക്ഷ്യം വെച്ചുള്ളതായിരുന്നു ഈ പദ്ധതി. എന്നാൽ ഇതിൽ കഷ്ടിച്ച് ഒരടി ഉയരത്തിൽ മാത്രമാണ് മണ്ണിട്ടത്. ചിലയിടങ്ങളിൽ അരയടിയോളം മണ്ണാണ് കൊണ്ടിട്ടതും. ഈ മണ്ണിട്ടതിൽ അപാകത ഉള്ളതായും ആരോപണം ഉണ്ട്. ഒരിക്കലും ഉറയ്ക്കാത്ത കളിസ്ഥലത്തിന് അനുയോജ്യമല്ലാത്ത മണ്ണാണ് ഇട്ടതെന്നും ഇവ വേനലിൽ വിണ്ടുകീറുകയും മഴക്കാലത്ത് ചെളിക്കുളമാവുകയും ചെയ്യുന്ന മണ്ണാണെന്നാണ് ആക്ഷേപം ഉയരുന്നത്.
മികച്ച രീതിയിൽ ഫുട്ബോളും , ക്രിക്കറ്റും, ബാറ്റ്മിന്റനും പരിശീലിക്കുകയും കളിക്കുകയും ചെയ്തിരുന്ന ഗ്രൗണ്ടിൽ ഭാഗികമായി മണ്ണിടുകയും പ്രവൃത്തി പൂർത്തീകരിക്കാഞ്ഞതും പ്രശ്നമായി. മഴയിൽ ചെളിക്കുളമായി മാറിയതോടെ കളിസ്ഥലത്തേക്കുള്ള കായിക താരങ്ങളുടെ വരവു നിന്നു. കുട്ടികൾ എത്തിയിരുന്നെങ്കിലും പിന്നീട് അവർക്കും മടുത്തു. ഇതോടെ കളിസ്ഥലം കാടുമൂടാനും തുടങ്ങി. ഇട്ട മണ്ണാകട്ടെ ഉറയ്ക്കാതെ ഉഴുതു മെതിച്ച നെൽവയലിന് സമമായ അവസ്ഥയിലായി. ഇതിനിടെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇവിടെ നിറയാൻ തുടങ്ങി. മദ്യപന്മാരും മറ്റു സമൂഹ വിരുദ്ധരും ഇവിടം താവളമാക്കി. ഇതോടെ മദ്യകുപ്പികളും പെരുകി. ചുരുക്കത്തിൽ നല്ലനിലയിൽ പ്രവർത്തിച്ച ഗ്രൗണ്ട് നവീകരണത്തിന്റെ പേരിൽ ഇല്ലാതെ ആയി. ഇതിനെല്ലാം കാരണം അധികാരികളുടെ അനാസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്. യഥാസമയം തുടർ നടപടികൾ സ്വീകരിക്കാതെ ഒരു വർഷത്തോളമായി ഗ്രൗണ്ടിനെ ഉപയോകശൂന്യമാക്കി.
കളിസ്ഥലത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാനും മികവുറ്റതാക്കാനും ആവശ്യപ്പെട്ട് പലതവണ അധികാരികളെ സമീപിച്ചെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ലെന്നാണ് കായിക താരങ്ങൾ പറയുന്നത്. പ്രവൃത്തി പൂർത്തീകരിക്കാൻ മണ്ണ് ലഭ്യമല്ലെന്നും, ജിയോളജി വകുപ്പിന്റെ അനുമതിയിൽ കാലതാമസം നേരിടുന്നതായും, മണ്ണിട്ട ശേഷമേ തുക ലഭിക്കുകയുള്ളൂ എങ്കിൽ മാത്രമെ തുടർപ്രവൃത്തികൾ നടത്താൻ സാധിക്കുകയുള്ളൂ എന്നിങ്ങനെയുള്ള മുടന്തൻ ന്യായങ്ങളാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നതെന്നും ഇവർ ആരോപിക്കുന്നു.
ഒന്നര പതിറ്റാണ്ടു മുമ്പു വരെ ക്രിക്കറ്റിനെ മാത്രം നെഞ്ചിലേറ്റിയ കണിയാമ്പറ്റയിലെ യുവത്വം ഇപ്പോൾ ഫുഡ്ബോളും , ബാഡ്മിന്റനുമെല്ലാം ഒരുപോലെ ആസ്വദിച്ച് കളിക്കുന്നവരാണ്. മികച്ച പരിശീലനം ലഭിച്ചാൽ ലോക പ്രസിദ്ധ താരങ്ങൾ വരെ ഉയർത്തെഴുന്നേൽക്കാൻ പോന്നവരുണ്ടിവിടെ. പഴയ തലമുറയ്ക്ക് വോള
ിബോളിനോടായിരുന്നു കൂടുതൽ കമ്പം. 15 വർഷങ്ങൾക്ക് മുമ്പുവരെ കൊയ്ത്ത് കഴിഞ്ഞ നെൽവയലുകളിലും സ്കൂൾ മൈതാനങ്ങളിലുമായിരുന്നു കുട്ടികൾ കളിച്ചിരുന്നത്. എന്നാൽ ഇന്ന് സ്കൂൾ മൈതാനങ്ങളിലെല്ലാം കെട്ടിടങ്ങളായി വിസ്താരം കുറഞ്ഞു. വയലുകൾ നികത്തപ്പെട്ടും, കവുങ്ങും , തെങ്ങും മറ്റു ഇടവേള കൃഷികളുമായതോടെ വയലിലെ കളിയകന്നു.
ജനസാന്ദ്രതയേറിയ ഗ്രാമപ്പഞ്ചായത്തുകളിൽ ഒന്നായ കണിയാമ്പറ്റയിൽ മൂന്ന് മിനി സ്റ്റേഡിയങ്ങൾ മാത്രമാണ് ഉള്ളത്. ഒന്ന് കമ്പളക്കാട്ടെ പഞ്ചായത്ത് മിനി സ്റ്റേഡിയവും, രണ്ടാമത്തേത് കരണിയിലേയും. മൂന്നാമതായി മില്ലുമുക്കിലെ മൂലവയലിൽ അടുത്ത കാലത്തായി തുടങ്ങിയതും. ആയിരക്കണക്കിന് കഴിവുറ്റ താരങ്ങൾക്ക് പരിശീലിക്കാൻ ഏക ആശ്രയമാണിവ. പല കോണുകളിൽ നിന്നും പ്രാദേശിക തലത്തിൽ ഗ്രൗണ്ടിനായി ആവശ്യം ഉയരുന്നതിനിടെയാണ് ഉള്ളത് പോലും സംരക്ഷിക്കപ്പെടാതെ കിടക്കുന്നത്. ഇതിന് ഉത്തരവാദികളായവരെ നിയമപരമായി ശിക്ഷിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
അതേസമയം, മഴക്കാലത്ത് ഗ്രൗണ്ടിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കേരളോത്സവം ഉൾപ്പെടെയുള്ള മത്സരങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇതിന് പരിഹാരം കാണാനായിരുന്നു തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തിയതെന്ന് കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ന്യൂസ് ടുഡെ വയനാടിനോട് പറഞ്ഞു. കരാറ്കാരൻ ഒരു ലേയർ മണ്ണിട്ടെങ്കിലും തുടർന്ന് മണ്ണിടാൻ ജിയോളജി വകുപ്പിൽ നിന്നും അനുമതി വൈകിയതാണ് പ്രവൃത്തി മുടങ്ങാൻ ഇടയാക്കിയത്. ഉടൻ മണ്ണിടൽ പൂർത്തീകരിക്കും. കലുങ്കിന്റെയും ഡ്രെയ്നേജിന്റെയും നിർമാണവും നടത്തും. കൂടാതെ ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രൗണ്ട് ആക്കി മാറ്റാനും പദ്ധതിയുണ്ട്. ഗാലറി ഉൾപ്പെടെ പണിയുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി എം.എൽ.എയ്ക്ക് നൽകിയിട്ടുണ്ട്. വിവിധ സംഘടനകളുടെ സി.എസ്.ആർ ഫണ്ട് കൂടി ഉറപ്പു വരുത്തി മികച്ച സ്റ്റേഡിയമാക്കി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.