പ്രതിഷേധം ഫലം കണ്ടു; പനമരം ബ്ലോക്ക് ഓഫീസ് റോഡിൽ പ്രവൃത്തികൾ തുടങ്ങി
പ്രതിഷേധം ഫലം കണ്ടു; പനമരം ബ്ലോക്ക് ഓഫീസ് റോഡിൽ പ്രവൃത്തികൾ തുടങ്ങി
പനമരം : ഏറെ നാളത്തെ പ്രതിഷേധങ്ങൾക്കും മുറവിളികൾക്കുമൊടുവിൽ പനമരം ബ്ലോക്ക് ഓഫീസ് റോഡിൽ പുനരുദ്ധാരണ പ്രവൃത്തികൾ തുടങ്ങി. കഴിഞ്ഞ അഞ്ചു വർഷത്തോളമായി ചെളിക്കുളമായും മലിനജലം തളംകെട്ടി കിടന്നും നാട്ടുകാർക്ക് ഏറെ ദുരിതമായി കിടന്ന റോഡിന് ഇതോടെ ശാപമോക്ഷമാവും. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടിയില്ലാത്ത് പനമരത്ത് വലിയ വിവാദങ്ങൾക്കും ഭരണ സമിതിക്കെതിരെ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. യു.ഡി.എഫ് ഭരിക്കുന്ന പനമരം ബ്ലോക്ക് ഓഫീസിലേക്ക് പനമരം യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ കുത്തിയിരിപ്പ് സമരം രാഷ്ട്രീയ പോർവിളികൾക്കും ഇടയാക്കിയിരുന്നു.
പനമരത്തെ സിരാകേന്ദ്രമായ പനമരം ബ്ലോക്ക് ഓഫീസ് സമുച്ഛയം പ്രവർത്തിക്കുന്ന റോഡായിരുന്നു വർഷങ്ങളായി പുഴയായി മാറിയത്. ബ്ലോക്കിന് മുമ്പിൽ പത്ത് മീറ്ററോളം വിസ്തൃതിയിൽ രണ്ടിടങ്ങളിലായി മലിന ജലം തളംകെട്ടി കിടക്കുകയായിരുന്നു. മുന്നൂറ് മീറ്ററോളം ദൂരമുള്ള റോഡിൽ അഞ്ചിലേറെ വൻ ഗർത്തങ്ങളായിരുന്നു. മഴക്കാലത്ത് ഇതുവഴിയുള്ള കാൽനടയാത്ര പോലും നിരസിക്കപ്പെട്ട അവസ്ഥയിലായതോടെ നാട്ടുകാർ ഏറെ ദുരിതത്തിലുമായിരുന്നു. പനമരം വലിയ പുഴയോരത്തായതിനാൽ പ്രളയകാലത്ത് റോഡിൽ വെള്ളം കയറിയതോടെയായിരുന്നു ഏറെ പരിതാപാവസ്ഥയിലേക്ക് മാറിയത്.
പുനരുദ്ധാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിലവിലെ റോഡ് പൊളിച്ചു മാറ്റിയിരുന്നു. അളന്നു തിട്ടപ്പെടുത്തലും മറ്റും നടത്തിയിട്ടുണ്ട്. 65 ലക്ഷം രൂപ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനായി അനുവദിച്ചിട്ടുണ്ട്. തുക ഉപയോഗിച്ച് ആദ്യ ഘട്ടത്തിൽ ഡ്രെയ്നേജ് ഒരുക്കും. തുടർന്ന് 60 സെ.മീറ്റർ ഉയർത്തിയാണ് റോഡ് ഒരുക്കുക.
എഴുത്ത്: റസാക്ക് സി. പച്ചിലക്കാട്