December 7, 2024

മൂളിത്തോട് ഗർഭസ്ഥശിശുവും മാതാവും മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പോലീസ്

Share


മൂളിത്തോട് ഗർഭസ്ഥശിശുവും മാതാവും മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പോലീസ്

മാനന്തവാടി: മൂളിത്തോട് ഗർഭസ്ഥശിശുവും മാതാവും മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പോലീസ്. എടവക മൂളിത്തോട് പള്ളിക്കൽ ദേവസ്യയുടെയും മേരിയുടെയും മകൾ റിനിയുടെയും അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥശിശുവിന്റെയും മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞുവരുന്ന എടവക വാളേരി പുതുപറമ്പിൽ റഹീം (53) ജ്യൂസിൽ കലർത്തി നൽകിയ കീടനാശിനി കഴിച്ചാണ് ഗർഭിണിയായ റിനി മരിച്ചതെന്നാണ് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞത്. കൂടാതെ ഡി.എൻ.എ. പരിശോധനയിൽ കുഞ്ഞിന്റെ പിതാവ് റഹീമാണെന്ന് വ്യക്തമാകുകയും ചെയ്തിട്ടുണ്ട്. മാനസികവൈകല്യമുള്ള റിനിയെയും കുഞ്ഞിനെയും കരുതിക്കൂട്ടി കൊന്നതിന് റഹീമിന്റെ പേരിലുള്ള കേസിൽ വിവിധ വകുപ്പുകൾകൂടി കൂട്ടിച്ചേർത്തിട്ടുണ്ട്.

നവംബർ 18 നാണ് റിനിയെ ശാരീരികാസ്വസ്ഥതകളോടെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനെത്തുടർന്ന് 19 ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 20 ന് രാവിലെ റിനിയും ഗർഭസ്ഥശിശുവും മരിച്ചു. റിനിയുടെ അസ്വഭാവിക മരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം തുടങ്ങിയത്. റഹീം യുവതിക്ക്‌ പാനീയം നൽകിയിരുന്നെന്നും ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതായും ബന്ധുക്കൾ നേരത്തേ പോലീസിനോട് പറഞ്ഞിരുന്നു.

റിനിയുടെയും ഗർഭസ്ഥശിശുവിന്റെയും മരണത്തെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ റഹീം ഒളിവിൽ പോവുകയായിരുന്നു. പിന്നീട് ഇയാളെ തമിഴ്നാട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ വീടുമായി അടുത്തബന്ധം പുലർത്തിയിരുന്ന ആളാണ് റഹീമെന്നും പോലീസിന് വ്യക്തമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ റഹീം റിനിക്ക്‌ നൽകിയ ജ്യൂസിന്റെ കുപ്പിയിൽ കണ്ട രാസപദാർഥവും റിനിയുടെയും കുഞ്ഞിന്റെയും മരണത്തിനിടയാക്കിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന രാസപദാർഥവും ഒന്നാണെന്ന് വ്യക്തമായി. കൂടാതെ കുഞ്ഞിന്റെയും റഹീമിന്റെയും ഡി.എൻ.എ. പരിശോധിച്ചതിൽ കുഞ്ഞിന്റെ പിതാവ് റഹീമാണെന്ന് തെളിയുകയും ചെയ്തു.

വിവാഹമോചനം നേടിയ മാനസികവൈകല്യമുള്ള റിനിയെ റഹീം ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയും പിന്നീട് റിനിയെയും ഗർഭസ്ഥശിശുവിനെയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ജ്യൂസിൽ കീടനാശിനി കലർത്തി നൽകുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതോടെ ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ട റിനി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്താണ് റഹീമിനെ നേരത്തേ അറസ്റ്റ് ചെയ്തത്. കൂടാതെ മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനും റഹീമിന്റെ പേരിൽ കേസെടുത്തിരുന്നു. നിലവിൽ റിമാൻഡിൽ കഴിയുന്ന റഹീമിന്റെ പേരിലുള്ള കേസിൽ കൊലപാതകം, ഭ്രൂണഹത്യ, മാതാവിന്റെ സമ്മതമില്ലാതെയുള്ള ഭ്രൂണഹത്യ, ഒരു കാരണവശാലും കുഞ്ഞ് ജീവിച്ചിരിക്കരുതെന്ന നിർബന്ധത്തോടെയുള്ള ഭ്രൂണഹത്യ, വൈകല്യമുള്ളവർക്കുനേരെയുള്ള അതിക്രമം തുടങ്ങിയ വിവിധ വകുപ്പുകളും കൂട്ടിച്ചേർത്തതായി പോലീസ് വ്യക്തമാക്കി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.