പ്രളയത്തിൽ തകർന്ന് മൃഗാശുപത്രി – കൊല്ലിവയൽ റോഡ്; ദുരിതം പേറി 400 ഓളം കുടുംബങ്ങൾ
1 min readപ്രളയത്തിൽ തകർന്ന് മൃഗാശുപത്രി – കൊല്ലിവയൽ റോഡ്; ദുരിതം പേറി 400 ഓളം കുടുംബങ്ങൾ
എഴുത്ത് : റസാക്ക് സി. പച്ചിലക്കാട്
കണിയാമ്പറ്റ : 2019 ലെ മഹാപ്രളയത്തിൽ തകർന്ന മൃഗാശുപത്രിക്കവല – കൊല്ലിവയൽ റോഡ് നന്നാക്കാൻ നടപടിയില്ലാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. കൊല്ലിവയൽ, ലക്ഷം വീട്, അംബേദ്ക്കർ തുടങ്ങി ആദിവാസി കോളനികൾ ഉൾപ്പെടെയുള്ള നാന്നൂറോളം കുടുംങ്ങൾക്ക് ആശ്രയമായ റോഡാണ് പാടെ തകർന്നും, വൻ ഗർത്തങ്ങൾ രൂപം കൊണ്ടും, സംരക്ഷണഭിത്തികൾ പൊളിഞ്ഞും അപകടക്കെണിയായി കിടക്കുന്നത്.
ഒരു കിലോമീറ്ററിലേറെ വിസ്താരമുള്ള മൃഗാശുപത്രിക്കവല – കൊല്ലിവയൽ റോഡ് 2016ലാണ് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാഡ പദ്ധതിയിൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ വിനിയോഗിച്ച് ടാറിംങ് പ്രവൃത്തികൾ പൂർത്തീകരിച്ചത്. അന്ന് റോഡിൽ കലുങ്ക് ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ അത് ചെവിക്കൊണ്ടില്ല. പിന്നീട് രണ്ടു വർഷത്തിന് ശേഷം ഉണ്ടായ മഹാപ്രളയത്തിൽ മഴ വെള്ളം റോഡിലൂടെ കുത്തിഒഴുകി. തനിയാവർത്തനമായിരുന്നു 2019 ലും. ഇതോടെ റോഡിന്റെ തകർച്ച തുടങ്ങുകയായിരുന്നു.
അഴുക്കുചാലിലൂടെ മഴവെള്ളം കുത്തിയൊഴുകി ഡ്രെയ്നേജ് മൂന്നിടങ്ങളിൽ തകരുകയും റോഡിൽ ഗർത്തം രൂപപ്പെടുകയും ചെയ്തു. പലയിടങ്ങളിലും ടാറിംങും ഇളകി. വരദൂർ പുഴ നിറഞ്ഞൊഴുകി വെള്ളം ഇരച്ചെത്തിയതോടെ ഡ്രെയ്നേജും കവിഞ്ഞ് റോഡിലൂടെ ഒഴുകിയതാണ് ടാറിംങ് പൊളിയാൻ ഇടയാക്കിയത്. താങ്ങാവുന്നതിലുമപ്പുറം വെള്ളം അഴുക്കുചാലിലൂടെ എത്തിയതോടെ കൽഭിത്തികൾ തകർന്നു. കൊല്ലിവയലിലെ ഉരുട്ടി ശുഹൈബിൻ്റെ വീടിന് മുമ്പിൽ കൂടുതൽ തകർന്ന് അപകട ഭീഷണിയിലായി. ഇവിടെ റോഡിൻ്റെ സംരക്ഷണ ഭിത്തിയിലെ കല്ലുകൾ ഇളകി അഴുക്കുചാലിലേക്ക് പതിച്ചു. അല്പം മാറി റോഡിൽ വലിയ ഗർത്തവും രൂപപ്പെട്ടു. കല്ലുകൾ ഇട്ട് താല്കാലികമായി നാട്ടുകാർ ഈ കുഴി അടച്ചിരിക്കുകയാണ്. നൂറ് മീറ്റർ മാറി ഒരുക്കിയ ഓവിൻ്റെ അരികിലെ മണ്ണ് ഇടിഞ്ഞിരിക്കുകയാണ്. ഓവിടുമ്പോൾ തന്നെ കൽവർട്ട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ മുഖവിലക്കെടുത്തിരുന്നില്ല. പകരം വ്യാസം കുറഞ്ഞ ഓവ് സ്ഥാപിക്കുകയായിരുന്നു. ഇതാണ് റോഡിന്റെ തകർച്ചയ്ക്കിടയാക്കിയതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. അഴുക്കുചാൽ നിർമാണത്തിൽ അപാകത ഉണ്ടായതായും പ്രദേശവാസികൾ പറയുന്നു.
കണിയാമ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്നതാണ് റോഡ്. ഇപ്പോൾ റോഡ് മുഴുവൻ വൻകുഴികളാണ്. എല്ലായിടവും പൊളിഞ്ഞിരിക്കുകയാണ്. റോഡ് നീളെയുള്ള കുഴികളും വലിയ ഗർത്തങ്ങളും അപകട ഭീഷണി ഉയർത്തുകയാണ്. റോഡിൻ്റെ വശങ്ങളിൽ കെട്ടിയ സംരക്ഷണഭിത്തിയിലെ കല്ലുകൾ കൂടി തകരുകയും കുഴികൾ രൂപപ്പെടുകയും ചെയ്തതോടെ നാട്ടുകാർ ഭീതിയിലാണ്.
ഇതിനോടകം ഒട്ടോറെ ഇരുചക്രവാഹനങ്ങൾ അടക്കം അപകടത്തിൽ പെട്ടിട്ടുണ്ട്. ദിവസങ്ങൾ കഴിയുന്തോറും കുഴിയുടെ വലുപ്പം കൂടുകയാണ്. വലിയ കുഴികളിൽ നാട്ടുകാർ മുന്നറിയിപ്പ് എന്ന നിലയിൽ കമ്പുകളും മറ്റും കുത്തിവച്ചിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിൽ അപകടങ്ങൾ ഉണ്ടാകാറുണ്ട്. പുറമേ നിന്ന് എത്തുന്ന വാഹനങ്ങളാണ് അപകടത്തിൽ പെടുന്നതിലേറെയും. റോഡ് തകർന്നിട്ട് വർഷങ്ങളായെങ്കിലും നന്നാക്കാമെന്ന് പറയുന്നതല്ലാതെ മറ്റു നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. ശക്തമായി വീണ്ടും മഴയെത്തിയാൽ റോഡിന്റെ ശോചനീയാവസ്ഥ ഏറെ പരിതാപകരമാവുമെന്നത് വാസ്തവമാണ്. വലിയ വാഹനങ്ങൾ കടന്നു പോവുന്നത് നിലവിലെ സാഹചര്യത്തിൽ റോഡിന് താങ്ങാവുന്നതിലും അപ്പുറമാണ്. അതിനാൽ ഈ വേനൽ കഴിയും മുൻപെങ്കിലും റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.