March 8, 2025

നവീകരണത്തിനൊരുങ്ങി ജനാർദനഗുഡിയും; പനമരത്തെ കല്ലമ്പലങ്ങൾ പുനർജനിക്കും

Share

നവീകരണത്തിനൊരുങ്ങി ജനാർദനഗുഡിയും; പനമരത്തെ കല്ലമ്പലങ്ങൾ പുനർജനിക്കും

എഴുത്ത്: റസാക്ക് സി. പച്ചിലക്കാട്

പനമരം : വൈഷ്ണവ ഗുഡിക്ക് പിന്നാലെ പനമരത്തെ ജനാർദനഗുഡിയും നവീകരണത്തിനൊരുങ്ങുന്നു. കാലപ്പഴക്കത്താൽ തകർച്ചാഭീഷണി നേരിടുന്ന അതിപുരാതന ചരിത്രശേഷിപ്പിന് ഇതോടെ പുനർജന്മമുണ്ടാകും. ക്ഷേത്രത്തിന്റെ നവീകരണം നടത്തി പഴയപടി കല്ലമ്പലം നിലനിര്‍ത്തും. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ പനമരത്തെ വൈഷ്ണവഗുഡിയും , ജനാർദനഗുഡിയും കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുത്താണ് പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കം കുറിക്കുന്നത്.

പൂർണമായും കരിങ്കൽ പാളികൾ കൊണ്ട് നിർമിച്ച രണ്ട് കല്ലമ്പലങ്ങളാണ് പനമരത്തുള്ളത്. ഒൻപതാം നൂറ്റാണ്ടിലാണ് ഈ കല്ലമ്പലങ്ങൾ നിർമിച്ചതെന്നാണ് പുരാവസ്തു വകുപ്പ് അധികൃതർ പറയുന്നത്. ജൈനരുടെയും വൈഷ്ണരുടെയും ദേവതകളുടെ ചിത്രങ്ങൾ ഒരമ്പലത്തിൽ തന്നെ കൊത്തിവെച്ചിട്ടുള്ള രാജ്യത്തെ ഏക ക്ഷേത്രമാണിതെന്നും പറയപ്പെടുന്നു. പനമരം – നടവയൽ റോഡിലെ കായക്കുന്നിലെ പുത്തങ്ങാടിയിലെ കാപ്പിത്തോട്ടത്തിനുള്ളിലുള്ള വിഷ്ണു ഗുഡിയും, പുഞ്ചവയൽ – നീർവാരം റോഡോരത്തായി ജനാർദനഗുഡിയും സ്ഥിതിചെയ്യുന്നു. 700 മീറ്ററോളം അകലത്തിലുള്ള ഈ ക്ഷേത്രങ്ങളിൽ പോയകാലത്തിന്റെ ഓർമകളും ജാനാർദനഗുഡിയിലെ ശിലാപാളികളിൽ കന്നഡയിലുള്ള എഴുത്തും മുന്നൂറിൽപരം ചിത്രങ്ങളും കാണാം. ഇതിഹാസങ്ങളും പുരാണങ്ങളും ദേവസുന്ദരികളും അവതാരങ്ങളുമെല്ലാം കൽച്ചുവരുകളിലെ ചരിത്രങ്ങൾ പറയുന്ന കൊത്തുപണിയിൽ കാണാം.

പഴക്കമുള്ള ഈ ജൈനക്ഷേത്രങ്ങൾ കുറച്ച് വർഷങ്ങൾക്കു മുമ്പ് തകരാൻ തുടങ്ങി. ജനാർദനഗുഡിയുടെ ഗോപുര ഭാഗങ്ങൾ തകരുകയും പിന്നീട് മുഖമണ്ഡപവും കവാടവും നശിച്ചു. വിഷ്ണു ഗുഡിയുടെ തൂണുകൾക്കും അടിത്തറയ്ക്കും കോട്ടം സംഭവിച്ചു. ക്ഷേത്രത്തിന് മുമ്പിലുണ്ടായിരുന്ന കുളവും നിഗത്തപ്പെട്ടു. സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായതോടെ കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ആർക്കിയോളയിക്കൽ സർവ്വേ ഓഫ് ഇന്ത്യ 2015 -ൽ വിഷ്ണു ഗുഡിയും 2016 -ൽ ജനാർദനഗുഡിയും ദേശീയ സ്മാരകമായി പ്രഖ്യാപിച്ചു.

കല്ലമ്പലങ്ങൾ പുനർനിർമിക്കുന്നതിന്റെ ഭാഗമായി 2020 ഫെബ്രുവരി മാസത്തിൽ വൈഷ്ണവഗുഡിക്ക് ചുറ്റും വേലി ഒരിക്കിയിരുന്നു. ഇപ്പോൾ ജനാർദനഗുഡിയും പൊളിച്ചു മാറ്റാനുള്ള ഒരുക്കം പൂർത്തിയായി. ചുറ്റിലുമുള്ള അടിക്കാടുകൾ എല്ലാം വെട്ടിത്തെളിച്ച് വൃത്തിയാക്കി. ആദ്യഘട്ടമെന്നോണം കല്‍ത്തൂണുകളും പാളികളും ഉപയോഗിച്ച്‌ നിര്‍മിച്ച കല്ലമ്പലത്തിലെ ശിലാപാളികള്‍ പൊളിച്ചു മാറ്റും. ഇതിനായി കഴിഞ്ഞ ദിവസം ഓരോന്നിനും നമ്പര്‍ ഇട്ടിരുന്നു. നമ്പര്‍ അനുസരിച്ച്‌ പൊളിക്കുന്ന ശിലാപാളികള്‍ യഥാസ്ഥാനത്ത് സ്ഥാപിക്കുന്നതിന് വേണ്ടിയാണിത്. ജനാർദനഗുഡിയും പൊളിച്ചു മാറ്റിയ ശേഷം ഇരുകല്ലമ്പലങ്ങളും അതേപടി പുനർനിർമിക്കുകയാണ് ചെയ്യുക. ശിലാപാളികള്‍ പൊളിക്കുന്നത് വ്യാഴാഴ്ച തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ജോലിക്കാര്‍ എത്താത്തതിനാല്‍ പ്രവൃത്തി തുടങ്ങാനായില്ല. വരും ദിവസങ്ങളിൽ തന്നെ പൊളിക്കൽ ആരംഭിക്കും.

നേരത്തേ പുത്തങ്ങാടിയിൽ നവീകരണത്തിന്റെ ഭാഗമായി തകർന്ന് മണ്ണിലലിഞ്ഞ കരിങ്കല്ലുകൾ പുറത്തെടുത്തിരുന്നു. പ്രത്രേക സംഘമെത്തിയാണ് ഇവ പുറത്തെടുത്ത് വേലി ഒരുക്കിയത്. ഇനി ഘടനയും ചരിത്രവും കൽപ്പണികൾക്കും മാറ്റമില്ലാതെ കൊത്തിവെച്ച ശില്പങ്ങളും ചിത്രങ്ങളും നിലനിറുത്തി കൊണ്ട് തന്നെ പുനർനിർമിക്കും. ശേഷം പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കും. കൂടുതൽ നാശം സംഭവിച്ച ജനാർദനഗുഡി പാടെ നിലംപൊത്താതിരിക്കാൻ 2019 അവസാന മാസങ്ങളിൽ കമ്പിവേലികൾ സ്ഥാപിക്കുകയായിരുന്നു. പുത്തങ്ങാടിയിലെയും പുഞ്ചവയലിലെയും 15 സെന്റ് സ്ഥലം വീതം ഏറ്റെടുത്താണ് നിർമാണം നടക്കുക. ഇരു പ്രളയങ്ങളെയടക്കം താങ്ങിയ ഇവരണ്ടും തനിമ ഒട്ടും മാറാതെ പൂർവ രൂപത്തിൽ പുനർജനിക്കും. സിമന്റിനു പകരം ചുണ്ണാമ്പു ചേര്‍ത്ത സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണ് ഇവനിര്‍മിക്കുക. റോഡരികിലായതിനാൽ പുഞ്ചവയൽ – ദാസനക്കര റോഡിൽ അമ്പലം സ്ഥിതി ചെയ്യുന്ന ഭാഗത്ത് മൂന്ന് മീറ്റർ റോഡ് കൂടി ഏറ്റെടുക്കും.

ഇരു ക്ഷേത്രങ്ങളും യുവ തലമുറയ്ക്ക് അതിശയോക്തി പകരുന്നവയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് കായികാധ്വാനം കൊണ്ട് ശിലയിൽ ഒരുക്കിയെടുത്ത ഇവ സഞ്ചാരികളെ ഏറെ അത്‌ഭുതപ്പെടുത്തിയിരുന്നു. പുഞ്ചവയലിലെ ജനാർദനഗുഡിയിൽ പുരാതന കന്നടയിൽ ഒരു വാക്യം കാണാം. “എന്റെ സ്വർണം വിറ്റ് ഉണ്ടാക്കിയ ക്ഷേത്രം ” എന്നാണ് ഇതിന്റെ അർഥം. ശ്രീകോവിൽ (ഗർഭഗ്രഹം ), അന്തർആളം, തുടർന്ന് അന്തരാളത്തിന് പുറത്തേക്ക് ജൈന ക്ഷേത്രത്തിന് മാത്രം ഉണ്ടാവുന്ന എൻട്രൻസ്, ശേഷം രണ്ടു തുണോടു കുടിയ മഹാമണ്ഡപം, നാലുകാൽ മണ്ഡപം (സോപാനം) , റോഡരികിലായി രണ്ട് ഗോപുരങ്ങളും അടങ്ങുന്നതാണ് ഈ ക്ഷേത്രം. ഈ ഗോപുരങ്ങൾ തകരാൻ ഇടയാക്കിയത് വാഹനങ്ങളുടെ അതിപ്രസരമാണെന്നാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിഗമനം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.