കരിങ്കുറ്റിയിലെ കുന്നിടിക്കൽ നടന്നത് നാട്ടുകാർ പോലും അറിയാതെ; പ്രവൃത്തി നടത്തിയത് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണോ എന്ന് അന്വേഷിക്കണം – സംഷാദ് മരക്കാർ

കരിങ്കുറ്റിയിലെ കുന്നിടിക്കൽ നടന്നത് നാട്ടുകാർ പോലും അറിയാതെ; പ്രവൃത്തി നടത്തിയത് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണോ എന്ന് അന്വേഷിക്കണം – സംഷാദ് മരക്കാർ
കോട്ടത്തറ : പരിസ്ഥിതിലോല മേഖലയായ കരിങ്കുറ്റി നാടുകാണിക്കുന്നിൽ കെട്ടിടം പണിയാൻ ചെങ്കുത്തായ കുന്നിടിച്ച സംഭവത്തിൽ ഗുരുതരമായ നിയമലംഘനമാണ് നടന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ.
മാസങ്ങളോളം നാട്ടുകാർപ്പോലും അറിയാതെ മുഴുവൻ യന്ത്രസാമഗ്രികളും കുന്നിന് മുകളിലെത്തിച്ച് അവിടെ താമസിച്ച് ആസൂത്രിതമായാണ് പ്രവൃത്തി നടത്തിയത്. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണോ പ്രവൃത്തി നടന്നതെന്ന് അന്വേഷിക്കണം. പരിസ്ഥിതിയെ തകർക്കാൻ വരുന്ന മാഫിയകൾക്ക് എല്ലാവിധ ഒത്താശയും ചെയ്യുന്ന തരത്തിലാണ് ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നെന്മേനി ഗ്രാമപ്പഞ്ചായത്തിൽ റവന്യൂവകുപ്പിന്റെ സ്ഥലത്തു നിന്നെടുക്കുന്ന മണ്ണ് വലിയ വിലയ്ക്ക് മറച്ചുവിൽക്കുന്നതും കൽപ്പറ്റ നഗരസഭയിലെ എസ്റ്റേറ്റ് ഭൂമിയിൽ ഒരുവിധ അനുമതിയുമില്ലാതെ വൻകിടപദ്ധതികൾ തുടങ്ങിയതും വൈത്തിരിയിൽ തണ്ണീർത്തടം നികത്തി കെട്ടിട്ടം നിർമിക്കുന്നതും ഇതിന് ഉദാഹരണമാണ്.
കുന്നിടിച്ചിൽ നടന്ന സ്ഥലം അദ്ദേഹം സന്ദർശിച്ചു. ഉരുൾപൊട്ടൽ ഭീഷണി കണക്കിലെടുത്ത് ദുരന്തനിവാരണസമിതി യെല്ലോ സോണായി പ്രഖ്യാപിച്ച പ്രദേശമാണിത്. പഞ്ചായത്തിൽ നിന്നോ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നോ ഒരുവിധ അനുമതിയുമില്ലാതെയാണ് മണ്ണിടിച്ചതും മറ്റും. പ്രവൃത്തിയെ തുടർന്ന് മലമുകളിൽ വലിയ മൺകൂനയാണ് രൂപപ്പെട്ടത്. കുന്നിടിച്ചതോടെ താഴ്ഭാഗത്തെ അമ്പതോളം കുടുംബങ്ങൾക്ക് ഭീഷണിയുണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ അനുമതിയില്ലാതെ നാടുകാണിക്കുന്നിൽ നിർമാണ പ്രവൃത്തി നടത്തിയവരുടെ പേരിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
