December 7, 2024

അമ്പലവയലിലെ കൊലപാതകം; കൊന്നത് പെൺകുട്ടികളല്ല, സഹോദരനും മകനും – കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ

Share

അമ്പലവയലിലെ കൊലപാതകം; കൊന്നത് പെൺകുട്ടികളല്ല, സഹോദരനും മകനും – കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ

അമ്പലവയൽ : അമ്പലവയലില്‍ വയോധികനെ കൊലപെടുത്തിയ സംഭവത്തില്‍ ആരോപണവുമായി കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ. മുഹമ്മദിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് ഭാര്യ പറഞ്ഞു.

മുഹമ്മദ് ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഈ കൊല നടത്താനാകില്ല. തന്‍റെ സഹോദരനും മകനുമാണ് കൊന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പെണ്‍കുട്ടികളുടെ പിതാവും മുഹമ്മദുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്നും മുഹമ്മദിന്റെ ഭാര്യ പറയുന്നു.

അതേസമയം, പ്രതികളായ അമ്മയെയും പെണ്‍കുട്ടികളെയും ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും. സംഭവത്തില്‍ ഇന്നലെ വൈകിട്ടോടെയാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. പത്താം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പെണ്‍കുട്ടികള്‍. കൊല്ലപ്പെട്ട മുഹമ്മദിന്റെ വാടക വീട്ടില്‍ അമ്മയ്ക്ക് ഒപ്പം വര്‍ഷങ്ങളായി താമസിച്ച്‌ വരികയായിരുന്നു ഇരുവരും. അമ്മയെ മുഹമ്മദ് ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടാലി ഉപയോഗിച്ച്‌ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുട്ടികള്‍ പൊലീസിന് നല്‍കിയ മൊഴി.

കൊലപാതകം നടന്ന അമ്പലവയലിലെ വീട്ടിലും മൃതദേഹം ചാക്കില്‍ കെട്ടി ഒളിപ്പിക്കാന്‍ ശ്രമിച്ച സ്ഥലങ്ങളിലുമാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. ഇതിന് ശേഷം ബത്തേരി കോടതിയില്‍ അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കല്‍പ്പറ്റയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലും ഹാജരാക്കും. ഇന്നലെ രാത്രി ഏറെ നേരം പോലീസ് പ്രതികളെ ചോദ്യം ചെയ്തു. അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച മുഹമ്മദിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ച്‌ വിവിധയിടങ്ങളിലായി നിക്ഷേപിക്കാനായിരുന്നു പദ്ധതി.

ഇതിനായി വലതുകാല്‍ മുറിച്ചെടുത്ത് സ്കൂള്‍ ബാഗിലാക്കി വീടിന് അകലെയുള്ള മാലിന്യപ്ലാന്റില്‍ ഒളിപ്പിച്ചു. പിന്നീട് പിടിക്കപ്പെടുമെന്ന് ഭയന്നതോടെയാണ് കീഴടങ്ങാന്‍ തയ്യാറായതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. മരിച്ച മുഹമ്മദിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച്‌ നടക്കും. കൊല നടന്ന വീടിന് സമീപത്തെ നാട്ടുകാരില്‍ ചിലരെയും പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.