കടുവാ ശല്യം: കലക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യു.ഡി.എഫ്
1 min readകടുവാ ശല്യം: കലക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യു.ഡി.എഫ്
മാനന്തവാടി : കടുവ ശല്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വയനാട് കലക്ടര്‍ക്കെതിരെ വിമര്‍ശനവുമായി യു.ഡി.എഫ്. കടുവ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കാര്യക്ഷമമായി ഇടപെടാത്ത കലക്ടര്‍ ജനകീയ സമരങ്ങളില്‍ ജില്ല ഭരണാധികാരികള്‍ പാലിക്കേണ്ട കീഴ് വഴക്കങ്ങള്‍ പാലിക്കുന്നില്ലെന്ന് എ.ഐ.സി.സി അംഗവും മുന്‍ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി പറഞ്ഞു. മാനന്തവാടിയില്‍ റിലേ സത്യഗ്രഹത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് പി.ടി. തോമസ് എം.എല്‍.എയുടെ നിര്യാണത്ത തുടര്‍ന്ന് യു.ഡി.എഫ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി കടുവ പ്രശ്നത്തില്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടത്തിവരുന്ന അനിശ്ചിത
കാല റിലേ സത്യഗ്രഹം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പി.കെ. ജയലക്ഷ്മി നിരാഹാരം ആരംഭിച്ച് അര മണിക്കൂറിനകമാണ് പി.ടി. തോമസിെന്‍റ മരണ വാര്‍ത്ത എത്തിയത്. മൂന്നാം ദിവസത്തെ സമരം കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എ. ആന്‍റണി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സമരം തുടങ്ങി മൂന്ന് ദിവസമായിട്ടും സര്‍ക്കാറിനുവേണ്ടി കലക്ടര്‍ ചര്‍ച്ചക്ക് പോലും തയാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പി.കെ. ജയലക്ഷ്മി പറഞ്ഞു. കടുവയുടെ ആക്രമണങ്ങള്‍ക്കിരയായ ഒരു പ്രദേശത്തെ ജനങ്ങളോടുള്ള സര്‍ക്കാറിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ജയലക്ഷ്മി പറഞ്ഞു. യു.ഡി.എഫിലെ വിവിധ കക്ഷി നേതാക്കള്‍ സമരത്തെ അഭിസംബോധന ചെയ്യാനെത്തിയിരുന്നു.