കള്ളാടി – ആനക്കാംപൊയില്‍ തുരങ്ക പാതക്കായി ഭൂമി ഏറ്റെടുക്കാൻ സര്‍ക്കാര്‍ ഉത്തരവ്; നടപടി പൂര്‍ത്തീകരിക്കാന്‍ വയനാട് കലക്ടറെ ചുമതലപ്പെടുത്തി
1 min readകള്ളാടി – ആനക്കാംപൊയില്‍ തുരങ്ക പാതക്കായി ഭൂമി ഏറ്റെടുക്കാൻ സര്‍ക്കാര്‍ ഉത്തരവ്; നടപടി പൂര്‍ത്തീകരിക്കാന്‍ വയനാട് കലക്ടറെ ചുമതലപ്പെടുത്തി
കൽപ്പറ്റ: കള്ളാടി – ആനക്കാംപൊയില്‍ തുരങ്ക പാതക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. എത്രയും വേഗം നടപടി പൂര്‍ത്തീകരിക്കാന്‍ വയനാട് കലക്ടറെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഇതോടെ ബദല്‍ പാതയെന്ന വയനാട്ടുകാരുടെ ഏറെ നാളത്തെ സ്വപ്‌നത്തിലേക്ക് ഒരുപടികൂടി അടുക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതി ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ലോഞ്ചിങ് നടത്തുകയും ചെയ്തു. കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാത തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാം പൊയിലിനടുത്ത സ്വര്‍ഗംകുന്നില്‍ നിന്നാണ് തുടങ്ങുക. കള്ളാടിവരെ എട്ട് കിലോമീറ്ററോളം ദൂരത്തില്‍ രണ്ടുവരിപ്പാതയടങ്ങുന്ന തുരങ്കമാണ് നിര്‍മിക്കുന്നത്. ഇതിനായി 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്‌തു.
മേപ്പാടി – കോട്ടപ്പടി വില്ലേജുകളില്‍ വിവിധ സര്‍വേ നമ്പറുകളിലായി 4.82 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇരട്ട തുരങ്കങ്ങളിലായി നാലുവരിപ്പാതയാണ് പദ്ധതിയിലുള്ളത്. നാല് സാധ്യതാ അലൈന്‍മെന്റില്‍ രണ്ടാമത്തേതായ സ്വര്‍ഗംകുന്ന്- മീനാക്ഷി ബ്രിഡ്ജ് അലൈന്‍മെന്റാണ് അനുയോജ്യമെന്ന് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ നേരത്തേ കണ്ടെത്തിയിരുന്നു. പൊതുമേഖലാ സ്ഥാപനമായ ‘കിറ്റ്‌കോ’ പരിസ്ഥിതി ആഘാത പഠനം നടത്തി. തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. മലബാറിലെ ഗതാഗത – വിനോദസഞ്ചാര മേഖലക്കും പദ്ധതി ഗുണകരമാവും.