കുറുക്കൻ മൂലയിലെ കടുവയുടെ മുറിവിന് കാരണം വേട്ടക്കാർ; അന്വേഷണത്തിന് സാധ്യത
കുറുക്കൻ മൂലയിലെ കടുവയുടെ മുറിവിന് കാരണം വേട്ടക്കാർ; അന്വേഷണത്തിന് സാധ്യത
മാനന്തവാടി : കുറുക്കന്‍ മൂലയിലിറങ്ങിയ കടുവയുടെ കഴുത്തിലെ ആഴത്തിലുള്ള മുറിവില്‍ ദുരൂഹത. കടുവ വേട്ട സംഘങ്ങളുടെ സാന്നിധ്യം സംശയിക്കുന്നതിനാല്‍ അന്വേഷണത്തിന് ഉത്തരവിട്ടേക്കും. നേരത്തെ ഇരുമ്പു കമ്പി കൊണ്ടുള്ള കുടുക്ക് (ജിഐ വയര്‍) ഉപയോഗിച്ച് വേട്ടസംഘങ്ങള്‍ ഒരുക്കിയ കെണിയില്‍ കുരുങ്ങുകയും രക്ഷപ്പെടുകയും ചെയ്തപ്പോള്‍ സംഭവിച്ചതാവാം കഴുത്തിലെ മുറിവെന്നാണ് സംശയിക്കുന്നത്.
കടുവയെ പിടികൂടിയാല്‍ മുറിവ് പരിശോധിച്ച് ചികിത്സ നല്‍കുന്നതിനൊപ്പം അന്വേഷണവും നടത്തും .ജിഐ വയര്‍ കൊണ്ട് വേട്ടക്കാര്‍ കടുവകളെ പിടിക്കാറുണ്ട്. ജിഐ വയര്‍ കൊണ്ട് കുടുക്കുണ്ടാക്കി കുറ്റിക്കാടുകളില്‍ തൂക്കിയിടുകയും അറ്റം ഏതെങ്കിലും മരക്കുറ്റിയുമായി ബന്ധിപ്പിക്കുകയും ചെയ്യും. കടുവകള്‍ ഇലപ്പടര്‍പ്പുകളിലൂടെ നടക്കുന്നതിനിടയില്‍ ഇതില്‍ തല കുടുങ്ങുകയും രക്ഷപ്പെടാന്‍ ശ്രമിക്കുന്തോറും കുരുക്കു മുറുകി ചാവുകയും ചെയ്യും.
ബന്ദിപ്പൂര്‍ കാടുകളില്‍ ഇത്തരം വേട്ടക്കാരുടെ സാന്നിധ്യം മുമ്പ് സംശയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് മേഖലയില്‍ അഞ്ച് വയസ്സുള്ള പെണ്‍കടുവയുടെ ജഡം കണ്ടെത്തിയിരുന്നു. കഴുത്തിലെ മുറിവു മൂലമുള്ള അണുബാധയാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
അന്ന് കടുവവേട്ടക്കാരുടെ സാന്നിധ്യം കേരള-കര്‍ണാടക വകുപ്പുകള്‍ അന്വേഷിക്കണമെന്ന് ദേശീയ കടുവ സംരക്ഷണ അതോറ്റി നിര്‍ദ്ദേശിക്കുകയും ചെയ്തു. കടുവകളുടെ വേട്ടയാടുന്ന ഉത്തര്‍പ്രദേശിലെ ഗോത്രവര്‍ഗമായ ബാവരിയ സംഘം കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു.