കടുവാ ഭീതി; യു.ഡി.എഫ് മാനന്തവാടിയിൽ റിലേസത്യാഗ്രഹം തുടങ്ങി

കടുവാ ഭീതി; യു.ഡി.എഫ് മാനന്തവാടിയിൽ റിലേസത്യാഗ്രഹം തുടങ്ങി
മാനന്തവാടി: കുറുക്കന്‍മൂല, പയ്യമ്പള്ളി, ചേലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കടുവാ ആക്രമണം തുടര്‍ക്കഥയായിട്ടും, പതിനേഴ് വളര്‍ത്തുമൃഗങ്ങളെ കൊന്നിട്ടും, ജനങ്ങളുടെ ഭീതിയകറ്റാന്‍ ഒന്നും ചെയ്യാത്ത സര്‍ക്കാരിന്റെ നടപടിക്കെതിരെ യു.ഡി.എഫ് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ റിലേ സത്യാഗ്രഹം തുടങ്ങി.
ആദ്യ ദിവസം യു.ഡി.എഫ് ജില്ലാകണ്‍വീനറും ഡി.സി.സി പ്രസിഡന്റുമായ എന്‍.ഡി അപ്പച്ചന്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ നിരാഹാര സത്യാഗ്രഹമിരിക്കും. കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ടി. സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.
കടുവയെ അടിയന്തരമായി പിടികൂടി ജനങ്ങളുടെ ഭീതിയകറ്റുക, വളര്‍ത്തുമൃഗങ്ങള്‍ ഉരുക്കളുടെ വിലക്ക് അനുസരിച്ച് നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, ജനങ്ങള്‍ക്ക് ഭയമില്ലാതെ ജീവിക്കാനാവശ്യമായ അത്യാധുനീക ഫെന്‍സിംഗ് സംവിധാനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫ് റിലേ സത്യാഗ്രഹത്തിന് തുടക്കമിട്ടത് . നടപടിയുണ്ടാകുന്നത് വരെ സമരം തുടരുമെന്ന് മാനന്തവാടി നിയോജകമണ്ഡലം യുഡിഎഫ് ഭാരവാഹികൾ പറഞ്ഞു.
മുൻ മന്ത്രിയും എഐസിസി അംഗവുമായ പി.കെ. ജയലക്ഷ്മി, കേരള കോൺഗ്രസ് (ജേക്കബ്ബ്) വർക്കിംഗ് ചെയർമാൻ എം.സി.സെബാസ്റ്റ്യൻ, കേരള കോൺഗ്രസ് എം. സംസ്ഥാന കമ്മിറ്റിയംഗം കെ.എ.ആൻ്റണി, മാനന്തവാടി മുൻസിപ്പൽ ചെയർപേഴ്സൻ സി.കെ. രത്നവല്ലി , വൈസ് ചെയർമാൻ പി.വി.എസ്.മൂസ്സ, എം. അബ്ദുറഹ്മാൻ, ജോസ് തലച്ചിറ , വി.പി വർക്കി, കടവത്ത് മുഹമ്മദ്, പി.വി.നാരായണവാര്യർ, സിൽവി തോമസ്, എ.എം നിഷാന്ത്, എം.ജി.ബിജു, ജേക്കബ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
