കുറുക്കന്‍മൂലയിലെ കടുവയെ കണ്ടെത്തി; ഉടൻ പിടികൂടുമെന്ന് ഡിഎഫ്‌ഒ
1 min readകുറുക്കന്‍മൂലയിലെ കടുവയെ കണ്ടെത്തി; ഉടൻ പിടികൂടുമെന്ന് ഡിഎഫ്‌ഒ
മാനന്തവാടി: കുറുക്കന്‍മൂലയിലെ കടുവയെ കണ്ടെത്തി. കുറുക്കന്‍മൂലയെ ഭീതിയിലാക്കിയ കടുവ ഇപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണ വലയത്തിലാണെന്ന് സൗത്ത് വയനാട് ഡിഎപ്‌ഒ എ.ഷജ്ന അറിയിച്ചു. കടുവയെ ഉടന്‍ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും ഡിഎഫ്‌ഒ പറഞ്ഞു.
വൈകാതെ കടുവയ്ക്ക് മയക്കുവെടി വയ്ക്കാനാകുമെന്നാണ് വനംവകുപ്പ് പറയുന്നത്. വിദഗ്ധ സംഘം അവസരത്തിനായി കാത്തിരിക്കുകയാണ്. കുറുക്കന്മൂലയില്‍ വളര്‍ത്തു മൃഗങ്ങളെ വേട്ടയാടുന്ന കടുവ വയനാട്ടിലെ കണക്കില്‍പ്പെട്ടതല്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കുറുക്കന്‍മൂല നിവാസികളെ ഭീതിയിലാക്കി പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുകയായിരുന്നു കടുവ.
അതേസമയം, കഴിഞ്ഞ 20 ദിവസമായി കടുവാ ഭീതിയിലാണ് ഈ മേഖല. 30 പേരടങ്ങുന്ന ആറു സംഘങ്ങളായാണ് പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുന്നത്. വനത്തില്‍ നിന്ന് ആറ് കിലോമീറ്ററോളം അകലെ പയ്യമ്പള്ളി പുതിയിടത്താണ് കടുവയെ ഇന്നലെ കണ്ടത്. കടുവയുടെ സിസി ടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. നാട്ടുകാരില്‍ ചിലര്‍ കടുവയെ നേരിട്ട് കാണുകയും ചെയ്തിരുന്നു. കടുവ കൂടുതല്‍ ജനവാസ മേഖലയിലേക്ക് എത്തിയതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.