പിടിതരാതെ കടുവ ; പ്രതിഷേധിച്ച കൗൺസിലർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് : പ്രതിഷേധം ശക്തം
1 min readപിടിതരാതെ കടുവ ; പ്രതിഷേധിച്ച കൗൺസിലർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് : പ്രതിഷേധം ശക്തം
മാനന്തവാടി: കുറുക്കന്‍മൂലയില്‍ കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരെ പോലിസ് കേസെടുത്തു.
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടര്‍ന്ന് ഗുരുതരവകുപ്പ് ഉള്‍പ്പടെ അഞ്ചോളം വകുപ്പുകള്‍ പ്രകാരം മാനന്തവാടി പോലിസാണ് കേസെടുത്തത്. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, കൈ കൊണ്ടുള്ളമര്‍ദനം, അന്യായമായി തടഞ്ഞുവെക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയതിനെതിരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കടുവയെ കണ്ട കാര്യം വിളിച്ചറിയിച്ചിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്താന്‍ വൈകിയതിനെ ചോദ്യം ചെയ്തതോടെയാണ് വനപാലകരും സ്ഥലം കൗണ്‍സിലര്‍ കൂടിയായ വിപിന്‍ വേണുഗോപാലടക്കമുള്ള പ്രദേശവാസികളും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് കയ്യാങ്കളിയുമുണ്ടായത്. ഇതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനാഥ് നല്‍കിയ പരാതിയിലാണ് വിപിനെതിരെ ജാമ്യമില്ലാ വകുപ്പുള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
എന്നാല്‍ വിപിനെ ആക്രമിക്കാന്‍ അരയില്‍ നിന്നും കത്തിയെടുക്കാന്‍ ശ്രമിച്ച വനപാലകനെതിരെ നടപടിയില്ലാത്തതില്‍ പ്രതിഷേധം ശക്തമാണ്. കൗൺസിലർക്കെതിരെ കേസെടുത്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ് ഐ ആരോപിച്ചു. കുറുക്കൻമൂല കടുവ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായ നിരുത്തരവാദിത്തപരമായ നിലപാടിൽ പ്രതിഷേധിച്ച പതിനാറാം ഡിവിഷൻ കൗൺസിലറും, ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി അംഗവുമായ വിപിൻ വേണുഗോപാലിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ് ഐ ഭാരവാഹികൾ പറഞ്ഞു. നാട്ടുകാർക്കെതിരെ അരയിൽ നിന്നും ആയുധം എടുത്ത് പ്രയോഗിക്കാൻ ശ്രമിച്ച ജീവനക്കാരന് എതിരെ തെളിവുകൾ ഉണ്ടായിട്ടും ഒരു നടപടി പോലും സ്വീകരിക്കാത്ത പോലീസ് ജനങ്ങൾക്കൊപ്പം നിന്ന പൊതുപ്രവർത്തകന് എതിരെ കേസെടുക്കുന്ന ഏക പക്ഷീയ നിലപാ ടാണ് സ്വീകരിച്ചതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.