കടുവാ ഭീതി ഒഴിയാതെ മാനന്തവാടി കുറുക്കൻമൂല നിവാസികൾ ; 12 ദിവസത്തിനിടെ കടുവ കൊന്നത് എട്ട് വളർത്തുമൃഗങ്ങളെ : പ്രതിഷേധം വ്യാപകം
കടുവാ ഭീതി ഒഴിയാതെ മാനന്തവാടി കുറുക്കൻമൂല നിവാസികൾ ; 12 ദിവസത്തിനിടെ കടുവ കൊന്നത് എട്ട് വളർത്തുമൃഗങ്ങളെ : പ്രതിഷേധം വ്യാപകം
മാനന്തവാടി: കുറുക്കൻമൂലയിൽ വീണ്ടും കടുവ പശുക്കിടാവിനെ കൊന്നു. അയ്യാമറ്റത്തിൽ ജോണിയുടെ ഒരു വയസ്സുള്ള പശുക്കിടാവിനെയാണ് ഇന്നലെ രാത്രി കടുവ പിടിച്ചത്. തൊഴുത്തിൽ നിന്നും പശുക്കിടാവിനെ കൊന്ന് വലിച്ചുകൊണ്ടു പോയി ദൂരത്ത് കൊണ്ടിടുകയാണ് ചെയ്തത്. 12 ദിവസത്തിനിടെ എട്ടാമത്തെ വളർത്തു മൃഗത്തെയാണ് കടുവ കൊല്ലുന്നത്. സംഭവത്തെ തുടർന്ന് നാട്ടുകാർ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കടുവാ ശല്യത്തിനെതിരെ ഇന്നലെ നാട്ടുകാർ കാട്ടിക്കുളം അമ്പത്തിനാലിൽ അന്തർ സംസ്ഥാന പാത ഉപരോധിച്ചിരുന്നു. പ്രശ്നം രൂക്ഷമായ സ്ഥിതിക്ക് കലക്ടർ ഉൾപ്പടെയുള്ളവർ ഇട പെടണമെന്നാവശ്വവുമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
രണ്ടാഴ്ചയ്ക്കിടെ ഏട്ട് വളര്‍ത്ത് മൃഗങ്ങളെ കടുവ കൊല്ലുകയും, ഒരു പശുക്കിടാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കാത്തതില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ഇന്നലെ നാട്ടുകാര്‍ പരിക്കേറ്റ പശുക്കിടാവിനെ റോഡില്‍ കിടത്തിയാണ് ഉപരോധസമരം നടത്തിയത്. ക്ഷുഭിതരായ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരു വയസ്സുള്ള പശുവുമായി മാനന്തവാടി കാട്ടിക്കുളം മൈസൂര്‍ അന്തര്‍ സംസ്ഥാന പാത ഉപരോധിക്കുകയായിരുന്നു. ഇതോടെ നിരവധി വാഹനങ്ങള്‍ മണിക്കുറുകളോളം കുടുങ്ങി.
മാനന്തവാടി എസ്.എച്ച്.ഒ എം.എം.അബ്ദുല്‍ കരീമിന്റെയും തിരുനെല്ലി എസ്.ഐ വി.യു.പൗലോസിന്റയു നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തിയിരുന്നു. കണ്ണൂര്‍ സി.സി.എഫ് ഡി.കെ.വിനോജ് കുമാര്‍ നിയോഗിച്ച ആറ് അംഗ വിദഗ്ധ സമിതി വൈകുന്നേരം സ്ഥലം സന്ദര്‍ശിച്ചു. കൂട് വെക്കുന്ന കാര്യത്തില്‍ നടപടി സ്വീകരിക്കാമെന്നും, പശുകിടാവ് ചാവുകയാണെങ്കില്‍ 60,000 രൂപ നഷ്ടപരിഹാരം നല്‍കാമെന്നും ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ കെ.രാകേഷ് നല്‍കിയ ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. നഗരസഭ ചെയര്‍പേഴ്സന്‍ സി.കെ.രത്നവല്ലി, മാനന്തവാടി താഹസില്‍ദാര്‍ ജോസ് ചിറ്റിലപ്പള്ളി, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുജിത്ത് ജോസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.