ദേശീയ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണ മെഡലുകൾ നേടി വയനാട് ചെന്നലോട് സ്വദേശിയായ റിട്ട.സുബേദാര്‍ മാത്യു
*ദേശീയ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണ മെഡലുകൾ നേടി വയനാട് ചെന്നലോട് സ്വദേശിയായ റിട്ട.സുബേദാര്‍ മാത്യു*
കൽപ്പറ്റ : ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നടന്ന ദേശീയ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണ മെഡലുകൾ നേടി വയനാട് ചെന്നലോട് സ്വദേശി വലിയനിരപ്പില്‍ റിട്ട.സുബേദാര്‍ മാത്യു.
സൂപ്പര്‍ വെറ്ററന്‍ വിഭാഗത്തില്‍ 800, 1500, 10,000 മീറ്റര്‍ ഓട്ടമത്സരങ്ങളിലാണ് മാത്യു ഒന്നാമനായത്. വര്‍ഷങ്ങളായി ദേശീയ, സംസ്ഥാന, വെറ്ററന്‍ അത്‌ലറ്റിക് മത്സരങ്ങളില്‍ സജീവമാണ് 70 കാരനായ മാത്യു. ചെന്നലോട് വലിയനിരപ്പില്‍ പരേതരായ തോമസ് – കത്രീന ദമ്പതികളുടെ മകനാണ്.
21-ാം വയസില്‍ കരസേനയില്‍ ചേര്‍ന്ന മാത്യു 2008ല്‍ മദ്രാസ് എന്‍ജിനീയേഴ്‌സ് റെജിമെന്റില്‍നിന്നാണ് സുബേദാര്‍ റാങ്കില്‍ വിരമിച്ചത്. നാട്ടില്‍ തിരിച്ചെത്തി കൃഷിയില്‍ സജീമായതിനിടെയാണ് കായികരംഗത്തേക്കു തിരിഞ്ഞത്. ബോഡി ബില്‍ഡിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 2013, 2014, 2015 വര്‍ഷങ്ങളില്‍ മിസ്റ്റര്‍ വയനാടായി.
2016 മുതലാണ് ദീര്‍ഘദൂര ഓട്ട മത്സരങ്ങളില്‍ സജീവമായത്. പട്ടാളത്തിലായിരുന്നപ്പോള്‍ റെജിമെന്റ്തല ഓട്ടമത്സരങ്ങളില്‍ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്. ഇതാണ് ദീര്‍ഘദൂര ഓട്ടക്കാരനാകുന്നതില്‍ പ്രചോദനമായത്. ഭാര്യ : എത്സമ്മ . ഷെറിന്‍, സ്വപ്‌ന, സിജോ എന്നിവർ മക്കളാണ്.