ഒരിക്കല്‍ കോവിഡ് ബാധിച്ചവര്‍ ജാഗ്രതൈ ! പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം
ഒരിക്കല്‍ കോവിഡ് ബാധിച്ചവര്‍ ജാഗ്രതൈ ! പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം
ഒരിക്കല്‍ കോവിഡ് ബാധിച്ചവര്‍ക്ക് പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിക്കാനുള്ള സാധ്യത, മറ്റു വകഭേദങ്ങളേക്കാള്‍ മൂന്നിരട്ടിയെന്ന് പഠനം. ദക്ഷിണാഫ്രിക്കന്‍ ഗവേഷകരുടെ പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡിന്റെ ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമൈക്രോണിന് മൂന്നിരട്ടി വ്യാപനശേഷിയുണ്ട്. ഇതിനാല്‍ ഇത്തരം വകഭേദങ്ങളെ അപേക്ഷിച്ച്, മുമ്ബ് കോവിഡ് വന്നവര്‍ക്ക് വീണ്ടും ഒമൈക്രോണ്‍ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് ബാധിച്ചവര്‍ക്ക് സാധാരണഗതിയില്‍ പ്രതിരോധശേഷി ആര്‍ജ്ജിക്കുന്നതാണ്. എന്നാല്‍ മറ്റു വകഭേദങ്ങള്‍ ബാധിച്ചതിനെ തുടര്‍ന്ന് ലഭിച്ച ഇത്തരം പ്രതിരോധത്തെയും മറികടക്കാനുള്ള ശേഷി ഒമൈക്രോണ്‍ വകഭേദത്തിന് ഉണ്ടെന്ന് ശാത്രജ്ഞര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സൗത്ത് ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ എപ്പിഡെമോളജിക്കല്‍ മോഡല്ലിങ് ആന്റ് അനാലിസിസും, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
മുന്‍കാല കോവിഡ് ബാധയുടെ പ്രതിരോധം മറികടക്കാനുള്ള ശേഷി ഒമൈക്രോണ്‍ വേരിയന്റിന് ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസിലെ വിദഗ്ധന്‍ അന്ന വോണ്‍ ഗോട്ട്‌ബെര്‍ഗ് പറഞ്ഞു. അതേസമയം വാക്‌സിനുകള്‍ രോഗബാധ ഗുരുതരമാക്കുന്നതിലും മരണത്തിലും നിന്ന് രക്ഷിക്കുമെന്നും അന്ന പറഞ്ഞു. നവംബര്‍ പകുതിയില്‍ ദക്ഷിണാഫ്രിക്കയില്‍ 300 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍, ബുധനാഴ്ച അത് 8561 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 11,500 ആയി വര്‍ധിച്ചു.
മൂന്ന് തരംഗങ്ങളിലും ആദ്യം അണുബാധയുണ്ടായ വ്യക്തികളില്‍ അടുത്തിടെ വീണ്ടും അണുബാധകള്‍ ഉണ്ടായിട്ടുള്ളതായി വിവരങ്ങളുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ഡിഎസ്‌ഐഎന്‍ആര്‍എഫ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ എപ്പിഡെമിയോളജിക്കല്‍ മോഡലിങ് ആന്‍ഡ് അനാലിസിസ് ഡയറക്ടര്‍ ജൂലിയറ്റ് പുള്ളിയം വ്യക്തമാക്കി. യൂറോപ്പില്‍ അടുത്ത മാസങ്ങളിലുണ്ടാകുന്ന കോവിഡ് വ്യാപനത്തില്‍ പകുതിയിലേറെയും ഒമൈക്രോണ്‍ ആയിരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.