October 13, 2024

ഹരിത വിഷയത്തിൽ ലീഗ് നേതൃത്വത്തെ പരസ്യമായി വിമർശിച്ച എം.എസ്‌.എഫ് നേതാവ് പി.പി ഷൈജലിനെ ലീഗ് പുറത്താക്കി

Share

ഹരിത വിഷയത്തിൽ ലീഗ് നേതൃത്വത്തെ പരസ്യമായി വിമർശിച്ച എം.എസ്‌.എഫ് നേതാവ് പി.പി ഷൈജലിനെ ലീഗ് പുറത്താക്കി

കൽപ്പറ്റ: മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച എം.എസ്‌.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി ഷൈജലിനെ പുറത്താക്കി. ഹരിതാ നേതാക്കളെ പിന്തുണച്ച ഷൈജലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ല കമ്മിറ്റി നേരത്തെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തത്.

പരാതിയുന്നയിച്ച ഹരിത നേതാക്കളെ പിന്തുണച്ചതിനാണ് നേരത്തെ എം.എസ്‌.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ഷൈജലിനെ നീക്കിയത്. ഇതിന് പിന്നാലെ ജില്ലാ നേതാക്കള്‍ക്കെതിരെ പ്രളയ ഫണ്ട് തട്ടിപ്പ് ആരോപണവും കല്‍പറ്റയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.സിദ്ദിഖിനെ തോല്‍പ്പിക്കാന്‍ ലീഗിലെ ഒരുവിഭാഗം ശ്രമിച്ചെന്ന ആരോപണവും ഷൈജല്‍ ഉയര്‍ത്തിയിരുന്നു.

കോടിക്കണക്കിന് രൂപയുടെ പ്രളയഫണ്ട് തട്ടിപ്പാണ് ലീഗ് നേതാക്കള്‍ക്കെതിരെ ഉയര്‍ത്തിയത്. പ്രളയഫണ്ടുമായി ബന്ധപ്പെട്ട് പിരിച്ചെടുത്ത പണം ലീഗ് നേതൃത്വം വകമാറ്റിയെന്നും ഒരു കോടിയിലധികം രൂപ പ്രളയപുനരധിവാസത്തിനായി പിരിച്ചെങ്കിലും ഒരു വീട് പോലും നിര്‍മിച്ച്‌ നല്‍കിയില്ലെന്നുമാണ് ഷൈജലിന്റെ ആരോപണം.

കല്‍പറ്റിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.സിദ്ദിഖിനെ തോല്‍പ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിലെ ചിലര്‍ ശ്രമിച്ചെന്ന ഷൈജലിന്റെ ആരോപണവും ലീഗിന് തലവേദനയായിരുന്നു. ജില്ലാ സെക്രട്ടറി യഹിയ ഖാന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം രഹസ്യയോഗം ചേര്‍ന്ന് തനിക്കുള്‍പ്പടെ പണം വാഗ്ദാനം ചെയ്തുവെന്നും ജില്ലയിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നുവെന്നുമായിരുന്നു ആരോപണം.

യുഡിഎഫ് കേന്ദ്രങ്ങളായ മുപ്പൈനാട്, മേപ്പാടി പഞ്ചായത്തുകളില്‍ കനത്ത വോട്ടുചോര്‍ച്ച ഉണ്ടായത് ഇതുകൊണ്ടെന്നാണ് ഷൈജല്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് പാര്‍ട്ടി ഷൈജലിനെ പുറത്താക്കിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.