മുതിർന്ന കോൺഗ്രസ് നേതാവ് സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടത്താതെ വഞ്ചിച്ചെന്നാരോപണം; ചുണ്ടക്കരയിൽ ഒ.വി അപ്പച്ചന്റെ വീടിന് മുമ്പിൽ നാലു കുടുംബങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി

മുതിർന്ന കോൺഗ്രസ് നേതാവ് സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടത്താതെ വഞ്ചിച്ചെന്നാരോപണം; ചുണ്ടക്കരയിൽ ഒ.വി അപ്പച്ചന്റെ വീടിന് മുമ്പിൽ നാലു കുടുംബങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി
കമ്പളക്കാട് : ചുണ്ടക്കരയിൽ രണ്ടു വർഷം മുമ്പ് വില കൊടുത്ത് വാങ്ങിയ സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ സ്ഥലമുടമ നടത്താത്തതിൽ പ്രതിഷേധിച്ച് സ്ഥലം വാങ്ങിയ കുടുംബങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് ഒ.വി അപ്പച്ചന്റെ വീടിന് മുമ്പിലാണ് കുടുംബങ്ങൾ കുത്തിയിരിപ്പ് സമരം നടത്തിയത്.
2019 ൽ ഒ.വി അപ്പച്ചനിൽ നിന്നും ചുണ്ടക്കരയിൽ വിളമ്പുകണ്ടം സ്വദേശികളായ സുനിതാലയം വീട്ടിൽ വി.കെ അനിൽ, കല്ലറയ്ക്കൽ സനീഷ്, ചുണ്ടക്കര സ്വദേശികളായ ജയിംസ് പുതിയവീട്ടിൽ, സനിൽ അമ്പലമൂട്ട്, കോട്ടത്തറ സ്വദേശി ടോമി എന്നിവർ സ്ഥലം വാങ്ങിയിരുന്നു. സെന്റിന് 75000 മുതൽ 77000 രൂപ വരെ നൽകി ഏഴ്, 10 സെന്റ് വീതമായിരുന്നു ഇവർ വാങ്ങിയത്. രണ്ട് മാസം കൊണ്ട് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് നൽകാമെന്ന ഉറപ്പിലായിരുന്നു സ്ഥലം വിൽപ്പന. എന്നാൽ മൂന്ന് വർഷമായിട്ടും ആധാരം ചെയ്ത് നൽകാതെ വഞ്ചിച്ചു എന്നാരോപിച്ചായിരുന്നു സമരം.
താല്ക്കാലിക എഗ്രിമെന്റ് എഴുതി മൊത്തം തുകയുടെ 70 ശതമാനത്തോളം പണം ഓരോ കുടുംബങ്ങളും ഒ.വി അപ്പച്ചന് നൽകിയെന്നാണ് സമരക്കാർ പറയുന്നത്. രജിസ്ട്രേഷൻ സംബന്ധിച്ച് പലതവണ ആവശ്യപ്പെട്ടിട്ടും ചെയ്ത് നൽകാൻ കൂട്ടാക്കിയില്ലെന്ന് സമരക്കാർ ആരോപിച്ചു. ഇതോടെയാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ചുണ്ടക്കരയിൽ ഒ.വി അപ്പച്ചന്റെ വീടിന് മുമ്പിൽ നാലു കുടുംബങ്ങൾ സമരവുമായെത്തിയത്. പരിഹാരം ഉണ്ടാവുന്നത് വരെ സമരം രാത്രിയിലും തുടരുമെന്ന് കല്ലറയ്ക്കൽ സതീഷ് പറഞ്ഞു.
അതേസമയം, ബാങ്ക് വായ്പ ഉള്ളതു കൊണ്ടാണ് സ്ഥലം ആധാരം ചെയ്തു നൽകാൻ കാലതാമസം നേരിടുന്നതെന്നും സ്ഥലം വിറ്റെങ്കിലും ഉടൻ പണം തിരികെ നൽകുമെന്നും ഒ.വി അപ്പച്ചൻ പ്രതികരിച്ചു.