September 20, 2024

പെണ്‍കുട്ടികളുടെ ആത്മഹത്യ ഗൗരവമുള്ള വിഷയം; മനുഷ്യാവകാശ കമ്മീഷന്‍

1 min read
Share

പെണ്‍കുട്ടികളുടെ ആത്മഹത്യ ഗൗരവമുള്ള വിഷയം; മനുഷ്യാവകാശ കമ്മീഷന്‍

പുല്‍പ്പള്ളി മേഖലയില്‍ നടക്കുന്ന കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ ആത്മഹത്യാ പ്രവണത ഗൗരവമുള്ള വിഷയമായി പരിഗണിച്ച്‌ ആത്മഹത്യയ്ക്കുള്ള സാഹചര്യം ഇല്ലാതാക്കാന്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് നിര്‍ദേശം നല്‍കി.

പെണ്‍കുട്ടികളുടെ ആത്മഹത്യ തടയണമെന്നാരോപിച്ച്‌ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.ഡി.സജി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ വീടുകള്‍ കമ്മീഷന്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെയും വനിതാ ശിശുവികസന ഓഫീസറുടെയും റിപ്പോര്‍ട്ട് വാങ്ങി.

ആത്മഹത്യകള്‍ സംബന്ധിച്ച്‌ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊതുവായ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി കമ്മീഷനെ അറിയിച്ചു. കമ്മീഷന്‍ നിര്‍ദ്ദേശാനുസരണം ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ആത്മഹത്യ ചെയ്ത 3 പെണ്‍കുട്ടികളുടെയും വീട് സന്ദര്‍ശിച്ചിരുന്നു. 3 ആത്മഹത്യകളും തമ്മില്‍ ബന്ധം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്ഡൗണിനെ തുടര്‍ന്ന് കുട്ടികള്‍ വീട്ടില്‍ ഒറ്റപ്പെട്ടത് വഴി കൂട്ടായ്മകള്‍ ഇല്ലാതായതാവാം ആത്മഹത്യയ്ക്ക് കാരണമായതെന്ന് വനിതാ ശിശുവിസന ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആത്മഹത്യ നടന്ന വീടുകളിലെ മറ്റുളള അംഗങ്ങള്‍ക്ക് ഐ.സി.ഡി.എസ് ഓഫീസുകള്‍ വഴി കൗണ്‍സിലിംഗ് ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ആത്മഹത്യയ്ക്ക് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. എന്നാല്‍ ഇത് ഗൗരവമുള്ള വിഷയമാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ ബാധ്യതയാണെന്നും ഉത്തരവില്‍ പറഞ്ഞു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.