പനമരം മാത്തൂർ വയലിൽ ഒറ്റയാന്റെ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക് : രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പനമരം മാത്തൂർ വയലിൽ ഒറ്റയാന്റെ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക് : രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പനമരം : പനമരം മാത്തൂർ വയലിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥിനി ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു. താഴെ നെല്ലിയമ്പത്തിനടുത്ത മാത്തൂർ വയലിൽ വെള്ളിയാഴ്ച രാവിലെ 7.45 ഓടെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. പനമരം നെല്ലിയമ്പം റോഡില്‍ ഇഷ്ടികക്കളത്തിന് സമീപത്ത് ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന ചിന്നം വിളിച്ച് ആക്രമിക്കുകയായിരുന്നു.
കോതമംഗലം മാര്‍ ബെസോലിയോസ് കോളേജിലെ വിദ്യാർഥിനിയായ ശില്‍പ്പയും പിതാവ് ശിവരാമന്‍, പള്ളിക്കുന്ന് സ്വദേശിയായ പത്രോസ് (50), സഹയാത്രികനായ റോയ് (30) എന്നിവര്‍ക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. മുന്‍പില്‍ യാത്ര ചെയ്യുകയായിരുന്ന ശിവരാമനും മകളും സഞ്ചരിച്ച ഇരുചക്രവാഹനത്തിന് നേരേയാണ് ആന ആദ്യം ആക്രമിച്ചത്. പുറകെ എത്തിയ പത്രോസിന്റെ ബൈക്ക് കണ്ടതോടെ ശില്‍പ്പയെ ഉപേക്ഷിച്ച് പത്രോസിന് നേരേ തിരിയുകയായിരുന്നു.
പത്രോസിനെ ആക്രമിക്കുന്നത് കണ്ട സഹയാത്രികനായ റോയ് ഒച്ചവച്ചതോടെ ആന പിന്‍തിരിഞ്ഞ് ഓടി. ഭാഗ്യം കൊണ്ട് മാത്രമാണ് നാല് പേരും ചെറിയ പരിക്കുകളോടെ രക്ഷപെട്ടത്. ശില്‍പ്പയെ മാനന്തവാടി മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവരെ പനമരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ശേഷം നാട്ടുകാരും വനപാലകരും ചേര്‍ന്ന് കാട്ടാനയെ പാതിരിയമ്പം ഫോറസ്റ്റിലേക്ക് തുരത്തിയോടിച്ചു.
കാട്ടാന ശല്യത്തില്‍ കൃഷികള്‍ക്കും മറ്റും നാശനഷ്ടം സംഭവിക്കുന്നത് ഇവിടെ നിത്യസംഭവമാണ്. ഈ അടുത്തായി ഈ പ്രദേശത്ത് കാട്ടാനയുടെ ശല്ല്യം വളരെ കുറവായിരുന്നു. ഇപ്പോള്‍ വീണ്ടും കാട്ടാന ശല്ല്യം വര്‍ദ്ധിച്ചിരിക്കുകയാണ്.
രാവിലെ ഈ റോഡില്‍ സാധാരണയായി നിരവധി വിദ്യാര്‍ത്ഥികളും മറ്റും സഞ്ചരിക്കുന്നതാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടങ്ങള്‍ ഒന്നും സംഭവിക്കാത്തത്. രണ്ട് വര്‍ഷം മുന്‍പാണ് പനമരം സ്റ്റേഷനിലെ എ.എസ്.ഐ സുരേഷിന്റെ പിതാവിനെ പനമരത്തിന് സമീപം കാപുംചാലില്‍ വിടന് സമീപത്ത് വച്ച് കാട്ടാന കുത്തി കൊന്നത്. ചെറിയ ഇടവേളക്കുശേഷം വീണ്ടും കാട്ടാന ശല്ല്യം തുടങ്ങിയതിനാല്‍ പനമരം പ്രദേശവാസികള്‍ ഭീതിയിലാണ്.