അധ്യയനം തുടങ്ങിയതോടെ ബീനാച്ചി – പനമരം റോഡിൽ യാത്രാ ദുരിതം ഇരട്ടിച്ചു
അധ്യയനം തുടങ്ങിയതോടെ ബീനാച്ചി – പനമരം റോഡിൽ യാത്രാ ദുരിതം ഇരട്ടിച്ചു
ബത്തേരി: സ്കൂള്‍, കോളജുകള്‍ തുറന്നതോടെ ബീനാച്ചി-പനമരം റോഡിലെ ബസ്യാത്രയില്‍ ദുരിതം ഇരട്ടിച്ചു. ചളിക്കുളങ്ങളിലൂടെ നിറയെ യാത്രക്കാരുമായി പോകുന്ന ബസുകള്‍ അപകടസാധ്യതയും ഉണ്ടാക്കുന്നു. അതേസമയം, റോഡ് നിര്‍മാണം ഇപ്പോള്‍ കാര്യമായി നടക്കുന്നുമില്ല.
കല്ല് നിരത്തിയ റോഡില്‍ ശക്തമായ മഴ പെയ്തതോടെ ചളിക്കുളങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. പഴയ റോഡ് കുത്തിപ്പൊളിച്ചാണ് ഈ രൂപത്തിലാക്കിയത്. നിര്‍മാണം അടുത്തൊന്നും പൂര്‍ത്തിയാകാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ പഴയ റോഡ് തന്നെയായിരുന്നു മെച്ചമെന്ന് ഈ റൂട്ടിലെ സ്ഥിരം വാഹന ഡ്രൈവര്‍മാര്‍ പറയുന്നു.
22 കിലോമീറ്ററില്‍ ഏകദേശം അഞ്ചു കിലോമീറ്റര്‍ ഭാഗം മൂന്നു വര്‍ഷത്തെ നിര്‍മാണംകൊണ്ട് ടാര്‍ ചെയ്യാനായി. വിരലിലെണ്ണാവുന്ന യന്ത്രങ്ങളും ജോലിക്കാരെയുംവെച്ചാണ് പണി നടക്കുന്നത്. ഓവുചാല്‍ നിര്‍മാണം ഇനിയും പൂര്‍ത്തിയാകാനുണ്ട്. മരങ്ങള്‍, വൈദ്യുതിതൂണുകള്‍ എന്നിവ മാറ്റിയിട്ടില്ല.
33 സ്വകാര്യ ബസുകളും 12 കെ.എസ്.ആര്‍.ടി.സി ബസുകളും റോഡ് പണി തുടങ്ങുന്നതിനു മുമ്പ് ഇതുവഴി സര്‍വിസ് നടത്തിയിരുന്നതാണ്. ഇപ്പോള്‍ പകുതിയോളമേ ഓടുന്നുള്ളൂ. വിദ്യാലയങ്ങള്‍ തുറന്നതോടെ തിരക്ക് കൂടാന്‍ ഇത് കാരണമായിട്ടുണ്ട്.
കേണിച്ചിറയില്‍ വീടുള്ള ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ മണ്ഡലത്തിലെ മറ്റിടങ്ങളിലേക്ക് പോകുന്നത് മിക്കവാറും ഈ റോഡ് വഴിയാണ്. റോഡുപണിയിലെ താളപ്പിഴകള്‍ പലതവണ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ചു. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള കൂട്ടുകെട്ടാണ് റോഡ് നിര്‍മാണത്തില്‍ കുഴപ്പമുണ്ടാക്കിയതെന്ന് പൊതുമരാമത്ത് മന്ത്രി മറുപടി പറഞ്ഞിരുന്നു. രണ്ടു മാസം മുമ്പ് പൊതുമരാമത്ത് മന്ത്രിയുടെ റോഡ് സന്ദര്‍ശനം ജനം വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. തുടര്‍ന്ന് ഒരാഴ്ച വേഗത്തില്‍ പണി നടന്നു.