ചീക്കല്ലൂർ പാടശേഖരങ്ങളിലെ നെൽക്കൃഷിയിലാകെ കതിരിന് കുലവാട്ടം; കർഷകർ ദുരിതത്തിൽ
ചീക്കല്ലൂർ പാടശേഖരങ്ങളിലെ നെൽക്കൃഷിയിലാകെ കതിരിന് കുലവാട്ടം; കർഷകർ ദുരിതത്തിൽ
പനമരം : പനമരം, കണിയാമ്പറ്റ കൃഷിഭവൻ പരിധിയിൽപ്പെടുന്ന ചീക്കല്ലൂർ പാടശേഖരങ്ങളിലെ നെൽക്കൃഷിയിലാകെ കതിരിന് കുലവാട്ടംവന്ന് കർഷകർ ദുരിതത്തിൽ. ചീക്കല്ലൂരിലെ 250 ഏക്കറിൽ വരുന്ന നെൽക്കൃഷിയിലാണ് വിത്തുപാകി കതിരിട്ടസമയത്ത് കുലവാട്ടം വന്നിരിക്കുന്നത്. ഇതോടെ ഇവ കൊയ്തെടുക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
മണ്ണുത്തി കാർഷിക സർവകലാശാലയുടെ കീഴിലുള്ള വിത്തുത്പാദന കേന്ദ്രത്തിൽനിന്നുമാണ് ഇവിടേക്ക് കർഷകർ ‘മനുവർണ’ എന്ന വിത്തിറക്കിയത്. ഏറെ ഗുണമേന്മയുള്ള വിത്താണിതെന്നായിരുന്നു ബന്ധപ്പെട്ടവർ കൃഷിക്കാരെ ബോധ്യപ്പെടുത്തിയിരുന്നത്. എന്നാൽ, കൃഷിയിറക്കിയപ്പോൾ കതിരുമുഴുവൻ പതിരായി കുലവാട്ടം സംഭവിച്ച അവസ്ഥയിലായി. ഈ നെല്ല് കൊയ്തെടുത്താൽ കൊയ്ത്തുകൂലിപോലും ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്.
ഏക്കറിന് 50,000 രൂപയോളം മുടക്കിയാണ് കൃഷിയിറക്കിയത്. കർഷകർക്ക് നിലവിൽ സർക്കാരിൽനിന്നും ഏക്കറിന് 14,000 രൂപമാത്രമാണ് ലഭിക്കുന്നത്. ഈ തുക പാട്ടത്തിനുപോലും തികയില്ല.
കർഷകരുടെ പരാതിയെത്തുടർന്ന് അമ്പലവയൽ ഫാം പ്രിൻസിപ്പൽ കൃഷിഓഫീസറും ഡി.ഡി.യും പനമരം, കണിയാമ്പറ്റ കൃഷിഭവൻ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു. ഈ വിത്തിനത്തിന് മാത്രമാണ് കുലവാട്ടം സംഭവിച്ചിരിക്കുന്നതെന്നാണ് ഇവരുടെ വിശദീകരണം.