പൂക്കോട് എം.ആര്‍.എസിൽ 52 കുട്ടികൾക്ക് കൂടി കോവിഡ് ; അധികൃതര്‍ക്ക് ഗുരുതര വീഴ്ചയെന്ന് ആരോപണം
പൂക്കോട് എം.ആര്‍.എസിൽ 52 കുട്ടികൾക്ക് കൂടി കോവിഡ് ; അധികൃതര്‍ക്ക് ഗുരുതര വീഴ്ചയെന്ന് ആരോപണം
വൈത്തിരി: പൂക്കോട് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ (എം.ആര്‍.എസ്) വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ബാധിച്ചിട്ടും മതിയായ ചികിത്സ നല്‍കാതെ അധികൃതര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായി ആരോപണം.
ദിവസങ്ങള്‍ക്കു മുമ്പേ കുട്ടികള്‍ക്ക് രോഗം ബാധിച്ചിരുന്നുവെങ്കിലും സംഭവം മൂടിവെക്കാന്‍ ശ്രമിച്ചതാണ് പ്രശ്നം രൂക്ഷമാക്കിയത്. നേരത്തേ എട്ടു കുട്ടികള്‍ക്കായിരുന്നു കോവിഡ് ബാധിച്ചത്. സ്‌കൂളിലെ 241 കുട്ടികളെകൂടി പരിശോധനക്ക് വിധേയമാക്കിയതില്‍ 52 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
സ്കൂളിലെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍പരിശോധനയിലാണ് കുട്ടികള്‍ക്ക് രോഗം ബാധിച്ചതും ആവശ്യമായ ചികിത്സയും സൗകര്യങ്ങളും നല്‍കാതെ തറയില്‍ കിടത്തിയതുമായുള്ള വാര്‍ത്ത പുറത്തുവന്നത്. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന എട്ടു വിദ്യാര്‍ഥികള്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.
ഒരു പെണ്‍കുട്ടിയെ രോഗം വന്നത് വകവെക്കാതെ സ്വന്തം വീട്ടിലേക്കു പറഞ്ഞുവിടുകയും മറ്റു കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ കൊടുക്കാതെ തറയില്‍ കിടത്തുകയും ചെയ്യുകയായിരുന്നു. ഇതിനുശേഷമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെ 241 കുട്ടികളെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. 52 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് നിര്‍ദേശത്തെ തുടര്‍ന്ന് കുട്ടികളെ സിക്ക് റൂം ഒരുക്കി അതില്‍ താമസിപ്പിക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.
മറ്റു കുട്ടികളോടൊപ്പം ഇടപഴകാന്‍ അനുവദിക്കുകയും രോഗികളായ കുട്ടികള്‍ക്കും രോഗലക്ഷണങ്ങളുള്ള കുട്ടികള്‍ക്കും ഉപയോഗിക്കാന്‍ പൊതു ശൗചാലയം കൊടുത്തതുമാണ് രോഗം വ്യാപിക്കാന്‍ കാരണമായത്. കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ട ചികിത്സയോ സൗകര്യങ്ങളോ അനുവദിക്കാത്തത് ചൂണ്ടിക്കാണിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ യാതൊന്നും ചെയ്തില്ലെന്ന് പരാതിയുണ്ട്. പ്രശ്നം രൂക്ഷമായിട്ടും പി.ടി.എ കമ്മിറ്റി കൂടുകയോ പ്രസിഡന്‍റ് ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിക്കുകയോ ചെയ്തില്ല. കമ്മിറ്റി പിരിച്ചുവിട്ട് പുതിയതിനെ തിരഞ്ഞെടുക്കണമെന്നു രക്ഷിതാക്കള്‍ ഇതിനോടകം ആവശ്യമുന്നയിച്ചിട്ടുണ്ട്.
റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആയിരിക്കെ സ്‌കൂളിനോടു ചേര്‍ന്ന് താമസിക്കേണ്ട സ്‌കൂള്‍ അധ്യാപകരോ സീനിയര്‍ സൂപ്രണ്ടോ കുട്ടികള്‍ക്ക് രോഗം ബാധിച്ചിട്ടുപോലും സ്‌കൂള്‍ കോമ്ബൗണ്ടില്‍ താമസിക്കുന്നില്ല. ഇപ്പോള്‍ മുഴുവന്‍ കാര്യങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് സ്‌കൂള്‍ പ്രധാനാധ്യാപകനാണ്.