പാതിരിപ്പാലത്ത് മിനിലോറി കൊണ്ട് കാർ തടഞ്ഞ് കവർച്ചയ്ക്ക് ശ്രമിച്ച കേസിലെ മൂന്ന് പ്രതികൾ കൂടി പിടിയിൽ
പാതിരിപ്പാലത്ത് മിനിലോറി കൊണ്ട് കാർ തടഞ്ഞ് കവർച്ചയ്ക്ക് ശ്രമിച്ച കേസിലെ മൂന്ന് പ്രതികൾ കൂടി പിടിയിൽ
മീനങ്ങാടി: പാതിരിപ്പാലത്ത് മിനിലോറി കൊണ്ട് കാർ തടഞ്ഞ് കവർച്ചയ്ക്ക് ശ്രമിച്ച കേസിലെ മൂന്ന് പ്രതികളെക്കൂടി പിടികൂടി.
തൃശ്ശൂർ സ്വദേശിയായ വിനു ആന്റോ (40), എറണാകുളം സ്വദേശികളായ ബിജീഷ് ഭാസ്കരൻ (37), ഇ.എസ്. അഖിൽ (29) എന്നിവരെയാണ് അറസ്റ്റുചെയ്തത്. തൃശ്ശൂർ, എറണാകുളം ഭാഗങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
ജനുവരി 13-നാണ് കേസിനാസ്പദമായ സംഭവം. മൈസൂരുവിൽ നിന്ന് പണവുമായി വരുകയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ടുപേരാണ് കവർച്ച ശ്രമത്തിനിരയായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിന് മുന്നിൽ മിനിലോറിയിട്ട് തടയുകയായിരുന്നു. കാറിന്റെ ചില്ലുകളും തകർത്തു. കേസിൽ 16 പേരെങ്കിലും പ്രതികളായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇതുവരെ ഏഴുപേരെയാണ് പിടികൂടിയത്. മറ്റുള്ളവർക്കായിട്ടുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സുൽത്താൻബത്തേരി ഡിവൈ.എസ്.പി. വി.എസ്. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.