പുലി ഭീതി ഒഴിയാതെ കമ്പളക്കാട് ; വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞില്ല
പുലി ഭീതി ഒഴിയാതെ കമ്പളക്കാട് ; വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞില്ല
കമ്പളക്കാട്: ജനവാസകേന്ദ്രമായ കിഴക്കേക്കുന്നിൽ പുലിയിറങ്ങിയതായുള്ള പ്രചാരണത്തെത്തുടർന്ന് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞില്ല.
വെള്ളിയാഴ്ചയാണ് കിഴക്കേക്കുന്നിൽ പുലിയിറങ്ങിയെന്ന് പ്രദേശവാസി പറഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല. തുടർന്നാണ് വെള്ളിയാഴ്ച രാത്രിതന്നെ പ്രദേശത്ത് ക്യാമറ സ്ഥാപിച്ചത്. എന്നാൽ, പുലിയുടെ സാന്നിധ്യം കണ്ടെത്താനോ സ്ഥിരീകരിക്കാനോ കഴിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിലൂടെ പുലിയുടേതെന്ന തരത്തിലുള്ള പലതരം രൂപങ്ങളും കാൽപ്പാടുകളും ചിലർ വ്യാപകമായി പ്രചരിപ്പിക്കുന്നത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കാൻ കാരണമായി. ഒരുവിദ്യാർഥി പഴയ ഒരു വീഡിയോയുടെ സ്ക്രീൻ ഷോട്ട് എടുത്ത് അയച്ച ചിത്രമാണെന്ന് പ്രചരിച്ചതെന്ന് വനംവകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായി. ആളുകളിൽ ഭീതി ഉണ്ടാക്കുന്നതരത്തിൽ തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്ന് അധികൃതർ നിർദേശിച്ചു.
ശനിയാഴ്ച കല്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ജെ. ജോസ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സി.എസ്. വിഷ്ണു, വാച്ചർമാരായ എം.കെ. ബാലൻ, പി.ജി. ബിനീഷ്, സി. മഹേഷ്, ഡ്രൈവർ കെ.കെ. രവീന്ദ്രൻ എന്നിവരുടെ സംഘമായിരുന്നു പരിശോധനയ്ക്കെത്തിയത്.