തിരുനെല്ലിയിൽ കാട്ടാനയുടെ പരാക്രമം; നാല് വാഹനങ്ങൾ തകർത്തു
തിരുനെല്ലിയിൽ കാട്ടാനയുടെ പരാക്രമം; നാല് വാഹനങ്ങൾ തകർത്തു
തിരുനെല്ലി: തിരുനെല്ലി ക്ഷേത്ര പരിസരത്തും തെറ്റ് റോഡിന് സമീപത്തുമായി കാട്ടാനയുടെ പരാക്രമം. രണ്ട് ട്രാവലർ, ഒരു കാർ, ഒരു ലോറി എന്നിങ്ങനെ നാല് വാഹനങ്ങൾ കാട്ടാന തകർത്തു. ഇന്ന് രാവിലെ മണിക്കൂറുകളുടെ ഇടവേളയിലാണ് കാട്ടാന വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്ത് ആക്രമിച്ചത്.
രാവിലെ 7.30 ഓടെയാണ് തിരുനെല്ലി റോഡരികിൽ ഉണ്ടായിരുന്ന കാട്ടാന ആക്രമണ സ്വഭാവം കാണിച്ചത്. തുടർന്ന് തിരുനെല്ലി ക്ഷേത്രത്തിലേക്ക് വന്ന രണ്ട് ട്രാവലറിനും ഒരു കാറിനും നേരെ ആക്രമണം നടത്തുകയായിരുന്നു. കൊമ്പ് കൊണ്ട് കുത്തി വാഹനങ്ങളുടെ ചില്ല് തകർത്ത ശേഷം ആന കാട്ടിലേക്ക് തിരിച്ചു പോയെങ്കിലും തെറ്റ് റോഡിന് സമീപം ഒരു ലോറിക്ക് നേരെയും കാട്ടാനയുടെ ആക്രമണം ഉണ്ടായി.
മാനന്തവാടി ഭാഗത്ത് നിന്നും ഹൈദരാബാദിലേക്ക് കടപ്പയെടു ക്കാനായി പോകുകയായിരുന്ന ലോറിയാണ് രാവിലെ 9 മണിയോടെ കാട്ടാന ആക്രമിച്ചത്. സംഭവങ്ങളിൽ യാത്രക്കാരെല്ലാം പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കാട്ടാനയെ വനപാലകർ തുരത്താനുള്ള പരിശ്രമത്തിലാണ്.