എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍ കൈകോർത്തു; മേപ്പാടിയിലെ സഹപാഠിക്ക് വീടായി

*എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍ കൈകോർത്തു; മേപ്പാടിയിലെ സഹപാഠിക്ക് വീടായി*
മേപ്പാടി: എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍ കൈകോർത്ത്
സഹപാഠിക്ക് വീടൊരുക്കി.
മേപ്പാടി സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കും കുടുംബത്തിനുമാണ് എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍ ചേര്‍ന്ന് മേപ്പാടി ചെമ്പോത്തറയില്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്.
പുത്തുമലയിലെ കാടരികില്‍ ഒരു ബന്ധുവിന്റെ ഒറ്റമുറി വീട്ടിലായിരുന്നു വിദ്യാര്‍ത്ഥിയും ആറംഗ കുടുംബവും താമസിച്ചിരുന്നത്. സ്വന്തം വീടുകളിലെ ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, പത്രങ്ങള്‍, പാഴ് വസ്തുക്കള്‍, പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കള്‍ ശേഖരിച്ച് വിറ്റും, സ്‌പോണ്‍സര്‍മാരില്‍ നിന്ന് തുക സമാഹരിച്ചുമാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് സാമ്പത്തിക സമാഹരണം നടത്തി ചെമ്പോത്തറയില്‍ വാങ്ങി നല്‍കിയ 5 സെന്റ് സ്ഥലത്താണ് 600 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ മൂന്നു മുറികളും, അടുക്കളയും പൂമുഖവും അടങ്ങുന്ന വീട് നിര്‍മ്മിച്ചത്.
ജില്ലയിലെ 5 ക്ലസ്റ്റര്‍ കണ്‍വീനര്‍മാരുടെയും, 54 പ്രോഗ്രാം ഓഫീസര്‍മാരുടെയും, വളണ്ടിയര്‍മാരുടെയും കൂട്ടായ സഹകരണത്തോടെയാണ് വീട് നിര്‍മാണം വേഗത്തില്‍ പുരോഗമിച്ചത്. എന്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ ഇത്തരത്തില്‍ സംസ്ഥാനത്ത് നിര്‍മ്മിച്ച് നല്‍കിയത് 25 വീടുകളാണ്.
ഹയര്‍സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം വൊളണ്ടിയര്‍മാര്‍ ചേര്‍ന്ന് സഹപാഠിയ്ക്ക് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണലൈനായി നിര്‍വ്വഹിച്ചു. സഹജീവികള്‍ക്ക് തുണയാവുകയെന്ന മാനവിക മൂല്യത്തില്‍ കുട്ടികളെ ഉറപ്പിച്ച് നിര്‍ത്താന്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന് സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാര്‍പ്പിട രംഗത്ത് ക്രിയാത്മകമായ ഇടപെടലുകളാണ് എന്‍.എസ്.എസ് നടത്തുന്നത്. സാമൂഹ്യ സേവനവും, സംഘടനാ പ്രവര്‍ത്തനവും എന്താണെന്ന് എന്‍.എസ്.എസ് അവരുടെ പ്രവര്‍ത്തനത്തിലൂടെ വ്യക്തമാക്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കൃത്യമായ ഇടപെടല്‍ നടത്തുന്നു. സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ എന്‍.എസ്.എസിന്റെ സഹകരണം അത്യാവശ്യമാണെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ ഉടന്‍ നടത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ചെമ്പോത്തറയില്‍ നടന്ന ചടങ്ങില്‍ ടി.സിദ്ദിഖ് എം.എല്‍.എ വിദ്യാര്‍ത്ഥിയ്ക്കും കുടുംബത്തിനും വീടിന്റെ താക്കോല്‍ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍ സംസ്ഥാന അവാര്‍ഡ് ജേതാക്കളെ ആദരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.എ. അരുണ്‍ ദേവ്, വാര്‍ഡ് മെമ്പര്‍മാരായ കെ. ജിതിന്‍, ഹാരിസ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെ. ഷാജു, ജില്ലാ പട്ടികജാതി വികസന അസിസ്റ്റന്റ് ഓഫീസര്‍ കെ. ശ്രീകുമാര്‍, കരിയര്‍ ഗൈന്‍സ് ജില്ലാ കോര്‍ഡിനേറ്റര്‍ സി.ഇ. ഫിലിപ്പ്, എന്‍.എസ്.എസ് മേഖല കണ്‍വീനര്‍ എ. ഹരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.