September 22, 2024

വയനാട് മെഡിക്കല്‍ കോളജില്‍
ഓക്സിജന്‍ പ്ലാന്‍റ് പ്രവർത്തനം നിലച്ചു

1 min read
Share

വയനാട് മെഡിക്കല്‍ കോളജില്‍
ഓക്സിജന്‍ പ്ലാന്‍റ് പ്രവർത്തനം നിലച്ചു

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജില്‍ ഒരു വര്‍ഷം മുമ്പ് നിര്‍മിച്ച ഓക്സിജന്‍ പ്ലാന്‍റ് തകരാറിലായി.
74 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച പ്ലാന്‍റ് ആണ് പ്രവര്‍ത്തന രഹിതമായത്. ഇതോടെ മെഡിക്കല്‍ കോളജില്‍ വീണ്ടും പുറമെ നിന്നും സിലിണ്ടറുകളെത്തിക്കാന്‍ തുടങ്ങി.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (എസ്.ഡി.ആര്‍.എഫ്) യുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 74 ലക്ഷം രൂപ മുടക്കിയാണ് ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്‍റ് നിര്‍മിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കൊട്ടിഘോഷിച്ച്‌ 2021 ഫെബ്രുവരി 14 നാണ് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തത്. ഏഴു മാസത്തിനുള്ളില്‍ തന്നെ ഓക്‌സിജന്‍ പ്ലാന്‍റ് തകരാറിലായി.

സാധാരണഗതിയില്‍ ഏത് യന്ത്രത്തിനും ഒരു വര്‍ഷത്തെയെങ്കിലും, ഗ്യാരന്‍റിയോ വാറന്‍റിയോ ഉണ്ടാകാറുണ്ട്. എന്നാല്‍, മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്‍റിന് ഒരു വിധത്തിലുള്ള വാറന്‍റിയും ഇല്ലെന്നാണ് പറയപ്പെടുന്നത്. പ്ലാന്‍റ് സ്ഥാപിച്ചപ്പോള്‍ തന്നെ ഏറെ പരാതികള്‍ ഉയര്‍ന്നിരുെന്നങ്കിലും, ആരോഗ്യ വകുപ്പ് ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്.

തുടക്കത്തില്‍ തന്നെ ആവശ്യത്തിന് ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ പ്ലാന്‍റിന് ശേഷിയില്ലെന്ന് കണ്ടെത്തിയിരുന്നു. മിനിറ്റില്‍ 260 ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്‍റാണ് ആശുപത്രിയില്‍ സ്ഥാപിച്ചത്. എന്നാല്‍, മിനിറ്റില്‍ 150 ലിറ്ററില്‍ താഴെ മാത്രമാണ് ഉല്‍പാദിപ്പിച്ചിരുന്നത്.നേരത്തെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഏറ്റവും അത്യാവശ്യമായി വരുന്ന സി കാറ്റഗറിയില്‍ വരുന്ന രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ പുറത്തു നിന്നും എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്.

മെഡിക്കല്‍ കോളജിലെ പ്ലാന്‍റില്‍ നിന്ന് ആവശ്യമായ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാത്തതിനെ തുടര്‍ന്ന് 70 മുതല്‍ 100 വരെ ഓക്‌സിജന്‍ സിലിണ്ടറുകളാണ് പുറത്തു നിന്നും കൊണ്ട് വന്നിരുന്നത്. ഇപ്പോള്‍ പ്ലാന്‍റ് പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതോടെ പാലക്കാട് നിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചാണ് കോവിഡ് രോഗികള്‍ക്കും ആശുപത്രിയിലെ മറ്റ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാകുന്ന രോഗികള്‍ക്കും ഓക്‌സിജന്‍ നല്‍കുന്നത്.പ്ലാന്‍റ് സ്ഥാപിച്ചപ്പോള്‍ ഉണ്ടായ അപാകതകള്‍ സംബന്ധിച്ച്‌ ആശുപത്രി അധികൃതര്‍ അന്നുതന്നെ ജില്ല ഭരണകൂടത്തിന് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ലെന്നും പറയപ്പെടുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.