October 22, 2024

പനമരം സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുക – പനമരം പൗരസമിതി ബ്ലോക്ക് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു

Share

പനമരം സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുക – പനമരം പൗരസമിതി ബ്ലോക്ക് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു

പനമരം : പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിയിൽ പ്രവർത്തിക്കുന്ന പനമരത്തെ സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് പനമരം പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. പനമരം നെല്ലാറാട്ട് കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഗവ.ആശുപത്രി പരിസരവും വലം വെച്ച് ബ്ലോക്ക് പഞ്ചായത്തിന് മുമ്പിൽ അവസാനിച്ചു. തുടർന്ന് നടന്ന സമരം പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കൺവീനർ റസാക്ക് .സി പച്ചിലക്കാട് അധ്യക്ഷത വഹിച്ചു. പ്രസ്തുത ആവശ്യം അടിയന്തിരമായി പരിഗണിക്കുന്നതിനുള്ള നടപടികൾ നടത്തുന്നതിനായി ബ്ലോക്ക് പ്രസിഡന്റ് ഗിരിജ കൃഷ്ണന് സമിതി പ്രവർത്തകർ നിവേദനവും കൈമാറി.

പനമരം ബ്ലോക്കിന്റെ പരിധിയിൽ വരുന്ന പനമരം, കണിയാമ്പറ്റ, പൂതാടി, കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളിലെ സാധാരണക്കാർ, നിർധനരായ പാവപ്പെട്ടവർ, ആദിവാസി വിഭാഗങ്ങളിൽ പെട്ടവർ, മത ന്യൂനപക്ഷങ്ങൾ തുടങ്ങി പതിനായിരക്കണക്കിന് രോഗികൾക്കും, അപകടങ്ങൾ പറ്റിയും അടിയന്തിര ചികിത്സയ്ക്കും എത്തുന്ന ഒട്ടേറെ ആളുകൾക്കും ഏക ആശ്രയമാണ് പനമരം ഗവൺമെന്റ് ആശുപത്രി.

പനമരത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിൽ ഒരു അത്യാധുനിക സൗകര്യങ്ങൾ ഇല്ലാത്ത ആശുപത്രി ഇല്ലാത്തത് രോഗികളെ പ്രതിസന്ധിയിലാക്കുകയാണ്.
വയനാടിന്റെ മധ്യഭാഗത്തുള്ള ആശുപത്രിയിൽ വൈകുന്നേരം ആറു
മണി കഴിഞ്ഞാൽ ഡോക്ടർമാരുടേയോ, നെഴ്സിന്റെയോ പ്രാഥമിക ചികിത്സ പോലും ലഭ്യമല്ലെന്ന് വ്യാപക പരാതികൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൗരസമിതി വിഷയം ഏറ്റെടുത്തത്. ഇതിന്റെ ആദ്യ ഘട്ടമെന്നോണം ഒന്നര മാസം മുമ്പ് പനമരം ബസ് സ്റ്റാൻഡിൽ ജനകീയ ഒപ്പുശേഖരണവും നടത്തിയിരുന്നു. ഇതിന്റെ തുടർ പ്രവർത്തനമെന്നോണമാണ് ചൊവ്വാഴ്ച പൗരസമിതി ബ്ലോക്ക് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. ആവശ്യം നിറവേറുന്നത് വരെ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തിയ സാഹചര്യത്തിൽ പനമരം ഗവ : ആശുപത്രിയുടെ പ്രാധാന്യം വളരെയേറെ വർധിച്ചുവെന്നിരിക്കെ ഇതിന്റെ നിലവിലുള്ള ശോചനീയാവസ്ഥകൾ പരിഹരിക്കണമെന്നും, അടിയന്തിരമായി 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്നും, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും,
എത്രയും വേഗത്തിൽ സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കി മാറ്റുകയും വേണമെന്നും അതിനുള്ള നടപടിക്രമങ്ങൾ ബ്ലോക്ക് പഞ്ചായത്ത്‌ ഭരണസമിതി ഏറ്റെടുത്തു മുന്നോട്ട് പോകണമെന്നും പനമരം പൗരമിതി ആവശ്യപ്പെട്ടു. അത്തരത്തിൽ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന പക്ഷം പനമരം പൗരസമിതിയുടെ പൂർണമായ പിന്തുണയും വാഗ്ദാനം ചെയ്തു.

പൗരസമിതി ട്രഷറർ വി.ബി രാജൻ , വൈ.ചെയർമാൻ പി.എൻ അനിൽകുമാർ, ജോ.കൺവീനർ കാദറുകുട്ടി കാര്യാട്ട്, രക്ഷാധികാരി അജ്മൽ തിരുവാൾ , എക്സിക്യൂട്ടീവ് അംഗം സി.എസ്.അനിൽകുമാർ, ഉപദേശക സമിതി ചെയർമാൻ കെ.സി സഹദ്, ടി. ഖാലിദ്, ടി.എ ശ്രീനിവാസൻ , എൻ. നസീർ എന്നിവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.