മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍.ടി. സാജന്‍ ഗൂഢാലോചന നടത്തിയതായി കണ്ടെത്തല്‍
മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍.ടി. സാജന്‍ ഗൂഢാലോചന നടത്തിയതായി കണ്ടെത്തല്‍
കല്‍പ്പറ്റ : മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍.ടി. സാജന്‍ ഗൂഢാലോചന നടത്തിയതായി കണ്ടെത്തല്‍. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രന്‍ വനംവകുപ്പ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വനംവകുപ്പിലെ കണ്‍സര്‍വേറ്ററായ ഐഎഫ്‌എസ് ഉദ്യോഗസ്ഥന്‍ എന്‍.ടി. സാജനെതിരേ ഗുരുതര ആരോപണങ്ങളുള്ളത്.
മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ സാജനും പ്രതികളും ഒരു മാധ്യമപ്രവര്‍ത്തകനും ചേര്‍ന്ന് കള്ളക്കേസുണ്ടാക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കേസില്‍ സാജനെതിരെ ഗൗരവമായ നടപടി വേണമെന്ന ശുപാര്‍ശ ഉണ്ടായിട്ടും ഉടന്‍ നടപടി കൈക്കൊള്ളേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത്. മരംമുറി കണ്ടെത്തിയ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ. സമീറിന്റെ പരാതിയില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടിലാണ് എന്‍.ടി. സാജനെതിരെ ഗുരുതര കണ്ടെത്തലുള്ളത്.
മുട്ടില്‍ മരംമുറി കേസിലെ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവര്‍ക്ക് വേണ്ടി സമീറിനെ മറ്റൊരു മരംമുറി കേസില്‍ സാജന്‍ കുടുക്കി റിപ്പോര്‍ട്ട് നല്‍കിയന്നും കണ്ടെത്തിയിട്ടുണ്ട്. മേപ്പാടി മരം മുറി അന്വേഷിക്കാന്‍ എത്തിയ സാജന്‍ രഹസ്യവിവരം ലഭിച്ചെന്ന പേരില്‍ മണിക്കുന്നിമലയിലെ സ്വകാര്യ ഭൂമിയില്‍ നിന്നും മരം മുറിച്ചത് അന്വേഷിച്ചു. സമീറിനെതിരെ രഹസ്യവിവരം നല്‍കിയത് പ്രതികള്‍ തന്നെയായിരുന്നു. ഇരുവരും തമ്മിലെ ഫോണ്‍ സംഭാഷണം തെളിവാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സമീറിനെതിരെ കേസ് കെട്ടിച്ചമക്കാന്‍ സാജന്റെ ഓഫീസും മാധ്യമപ്രവര്‍ത്തകനെയും പ്രതികള്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍.
ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലായിരുന്നു സാജന്റെ ഇടപെടലുകള്‍ എന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ഇതൊടൊപ്പം കോഴിക്കോട്ടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നതിന്റെ സൂചനകളും റിപ്പോര്‍ട്ടില്‍ ഉണ്ട്. മണിക്കുന്ന് മലയിലെ കേസ് എന്തായി എന്ന് ചോദിച്ച് രണ്ടുതവണ മാധ്യമപ്രവര്‍ത്തകന്‍ ഫ്ളയിങ് സ്‌ക്വാഡ് ഡിഎഫ്‌ഒയെ വിളിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാജനെ സസ്പെന്‍ഡ് ചെയ്യണമെന്ന് വനംവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ജൂണ്‍ 29നായിരുന്നു രാജേഷ് രവീന്ദ്രന്‍ 18 പേജുള്ള റിപ്പോര്‍ട്ട് നല്‍കിയത്. വനംവകുപ്പിന്റെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച സാജനെതിരെ നടപടി വേണമെന്ന് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ട് വനംവകുപ്പ് അംഗീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുകയായിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത്. സാജനെ കോഴിക്കോട് നിന്ന് കൊല്ലത്തേക്ക് സ്ഥലംമാറ്റുക മാത്രമാണ് ഇതുവരെ ചെയ്തത്.