പ്രതികൂല ജീവിത സാഹചര്യത്തിലും രാമേട്ടൻ പാടുകയാണ് താളമേളങ്ങളുടെ അകമ്പടിയില്ലാതെ
പ്രതികൂല ജീവിത സാഹചര്യത്തിലും രാമേട്ടൻ പാടുകയാണ് താളമേളങ്ങളുടെ അകമ്പടിയില്ലാതെ
കണിയാമ്പറ്റ : “മധുരം ജീവാമൃത ബിന്ദു” എന്നു തുടങ്ങുന്ന ഒറ്റ ഗാനാലാപനം കേട്ടാൽ മതി രാമേട്ടന് സംഗീതം ജീവാമൃതമാണെന്ന് മാനസിലാക്കാൻ. വരദൂർ താഴെകരണി നാലുസെൻ്റ് കോളനിയിലെ അമ്പത്തി മൂന്നുകാരനായ രാമേട്ടൻ പ്രതികൂല ജീവിത സാഹചര്യത്തിലും പാടുകയാണ് താളമേളങ്ങളുടെ അകമ്പടിയില്ലാതെ.
വീടിൻ്റെ നാലു ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിയിരുന്ന ഇദ്ദേഹത്തിൻ്റെ ആലാപനം ഈ അടുത്ത കാലത്താണ് പ്രദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. ഇതോടെ സംഗീത പ്രേമികൾ ഇദ്ദേഹത്തിന് പ്രോത്സാഹനവുമായി എത്തി. രാമേട്ടൻ ആലപിച്ച വിവിധ പാട്ടുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചതോടെ ഇതിനകം ലക്ഷക്കണക്കിനാളുകളാണ് ഇദ്ദേഹത്തിൻ്റെ ശ്രുതിമധുരമായ ഗാനാലാപനം ആസ്വദിച്ചത്.
ചെറുപ്പം മുതലേ സംഗീതത്തിൽ താല്പര്യമുള്ള ഇദ്ദേഹം തന്റെ ജീവിത പ്രാരാബ്ധങ്ങൾ കാരണം തന്റെ ആ ഇഷ്ടം ഇതു വരെ മനസിൽ സൂക്ഷിക്കുകയായിരുന്നു. ഇദ്ദേഹം ശാസ്ത്രീയമായൊന്നും സംഗീതം അഭ്യസിച്ചിട്ടില്ല. എന്നാൽ എത് പാട്ടും രാമേട്ടന് വഴങ്ങുമെന്നു മാത്രമല്ല അത് മനോഹരമായ ഈണത്തിൽ പാടുകയും ചെയ്യും. ഇദ്ദേഹം ആലപിച്ച ഓർമകളെ കൈവള ചാർത്തി…, നീയുറങ്ങിയോ നിലാവേ…, മകളെ പാതി മലരെ… എന്നീ ഗാനങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
ഭാര്യയും മൂന്ന് പെൺ മക്കളുമടങ്ങുന്നതാണ് ഇദ്ദേഹത്തിൻ്റെ കുടുംബം. രണ്ട് പെൺകുട്ടികളെ വിവാഹം ചെയ്തയച്ചു. ഇപ്പോൾ ഭാര്യ കാർത്തുവും, ഇളയ മകൾ സൗമ്യയും, രാമനുമാണ് നാലു സെന്റ് കോളനിയിലെ വീട്ടിൽ ഉള്ളത്.
കുടുംബത്തിലെ ഈ ഇരുപത്തി ഏഴു കാരിയായ ഇളയ പെൺകുട്ടി ഭിന്നശേഷിക്കാരിയാണ്. തലച്ചോറിലെ സെല്ലുകൾക്കുണ്ടായ തകരാറ് മൂലം വർഷങ്ങളായി മകളെ ചികിത്സിച്ചു വരികയാണ്. കൂലി പണിയെടുത്താണ് ഇദ്ദേഹം കുടുംബം പുലർത്തുന്നത്. ലഭിക്കുന്ന വിശ്രമ വേളകളിലാണ് ഇദ്ദേഹം പാട്ടുകൾ പാടുന്നത്. പത്ത് വർഷം മുമ്പ് ലഭിച്ച വീട് പണി പൂർത്തിയായിട്ടില്ല. നിർമാണം പാതിവഴിയിലായി ചോർന്നൊലിക്കുന്ന തൻ്റെ ചെറിയ വീട്ടിനുള്ളിൽ ആരോടും പരിഭവമില്ലാതെ സംഗീത ലോകത്ത് കഴിയുകയാണ് രാമേട്ടൻ.
യേശുദാസിന്റെ പാട്ടുകളാണ് രാമന് കൂടുതലിഷ്ടം. അദ്ദേഹത്തിന്റെ പാട്ടുകളാണ് രാമൻ കൂടുതലായും പാടുന്നതും. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായതും യേശുദാസിന്റെ ഗാനങ്ങളാണ്. തന്റെ പ്രൈമറി വിദ്യാഭ്യാസ കാലഘട്ടത്തിൽ വരദൂർ എ.യു.പി സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുമ്പോഴാണ് രാമൻ പാടാൻ തുടങ്ങിയത്. അന്ന് അധ്യാപകരിൽ ചിലർ രാമനെ പ്രോത്സാപ്പിച്ചെങ്കിലും ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ സംഗീതം പഠിക്കാനോ പഠനം പൂർത്തിയാക്കാനോ കഴിഞ്ഞില്ല. ഇതോടെ സിനിമാ രംഗത്ത് പാടണമെന്ന രാമന്റെ മോഹവും നിലച്ചു. എന്നാൽ അടുത്ത കാലത്തായി വാഡ്സാപ്പിലെ സംഗീത ഗ്രൂപ്പുകളായ സംഗീത സല്ലാപം, ഓർമ തണൽ തുടങ്ങിയവയിൽ രാമൻ പാടാൻ തുടങ്ങി. ഇതോടെ വരദൂർ എ.യു.പി സ്കൂളിലെ പൂർവ വിദ്യാർഥികളുടെ ഓർമ തണൽ എന്ന ഗ്രൂപ്പിലെ ഗാനങ്ങൾ പ്രാദേശികമായി പ്രചരിച്ചു. പിന്നീടാണ് രാമനെ നാടറിയുന്നത്.
നാലുസെന്റ് കോളനിയിൽ 27 കുടുംബങ്ങളുണ്ട്. ഈ കുടുംബങ്ങളെല്ലാം ഇപ്പോൾ രാമേട്ടൻ സിനിമയിൽ പാടണമെന്ന ആഗ്രഹക്കാരാണ്. അതിനുള്ള തീവ്ര പരിശ്രമത്തിലാണിവർ. കരണി, താഴെ കരണി, വരദൂർ നിവാസികളും രാമേട്ടനെ ഉന്നതങ്ങളിൽ എത്തിക്കാൻ ഒന്നടങ്കം മുന്നിട്ടിറങ്ങിയിരിക്കുകയാണ്.