നീർവാരം റോഡരികിൽ അപകടം പതിയിരിക്കുന്നു; രണ്ടിടങ്ങളിൽ ഒരാൾപ്പൊക്കത്തിന് കുഴി

നീർവാരം റോഡരികിൽ അപകടം പതിയിരിക്കുന്നു; രണ്ടിടങ്ങളിൽ ഒരാൾപ്പൊക്കത്തിന് കുഴി
നീർവാരം : പുഞ്ചവയൽ – നീർവാരം – ദാസനക്കര റോഡരികിൽ യാത്രക്കാർക്ക് ഭീഷണിയായി രണ്ടിടങ്ങളിൽ വൻ കുഴി. ഒരാൾ പൊക്കത്തോളം വരുന്ന കുഴികളാണ് റോഡിന്റെ അരികിലായി രൂപപ്പെട്ടിരിക്കുന്നത്. കാടുമൂടി കിടക്കുന്ന ഇവിടെ ഏതു നിമിഷവും വൻ ദുരന്തത്തിന് കാരണമായേക്കാവുന്ന അവസ്ഥയിലാണ്.
പുഞ്ചവയൽ – ദാസനക്കര റോഡിലെ കല്ലുവയൽ പള്ളി ഇറക്കം കഴിഞ്ഞുള്ള വളവിലും , പനമരം – പുൽപ്പള്ളി പഞ്ചായത്ത് അതിർത്തി പ്രദേശമായ ദാസനക്കരക്കടുത്ത അപ്പം കവലയിലുമാണ് യാത്രക്കാരെ അപകടത്തിലാക്കും വിധം വൻ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിൽ അഴുക്കുചാലുകൾ സ്ഥാപിക്കാത്തതിനാൽ റോഡിലൂടെ വെളളം കുത്തി ഒഴുകുന്നതാണ് ഇത്തരത്തിൽ കുഴികൾ രൂപപെടാൻ കാരണമാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. അഞ്ചര അടിയോളം താഴ്ചയിലാണ് കുഴിയുള്ളത്. അതിനാൽ കുഴിയിലകപ്പെട്ട് വലിയ അപകട സാധ്യതയും നിലനിൽക്കുകയാണ്.
ഒരാഴ്ച മുമ്പ് കല്ലുവയൽ പള്ളിക്ക് താഴെയുള്ള കുഴിയിൽ കാൽ നടയാത്രികയായ ഒരു കുട്ടി വീണിരുന്നു. നാട്ടുകാരുടെ സമയോജിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. വാഹനങ്ങൾ കടന്നുപോയപ്പോൾ ഓരം നിന്നതായിരുന്നു കുട്ടി. ഇവിടം റോഡിന്റെ അരികിൽ കാടുമൂടിയതിനാൽ കുട്ടി കുഴി കണ്ടില്ല. ഇതോടെ കാൽ തെന്നി കുഴിയിൽ അകപ്പെടുകയായിരുന്നു.
