പുത്തുമല പുനരധിവാസം: ഹർഷം പദ്ധതിയിൽ പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ച പത്ത് വീടുകള്‍ ആഗസ്റ്റ് 07 ന് കൈമാറും.

പുത്തുമല പുനരധിവാസം: ഹർഷം പദ്ധതിയിൽ പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ച പത്ത് വീടുകള്‍ ആഗസ്റ്റ് 07 ന് കൈമാറും.
മേപ്പാടി: ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ഹർഷം പദ്ധതി പ്രകാരം പുത്തുമല ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട പത്ത് കുടുംബങ്ങള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രളയ പുനരധിവാസം 2019 പ്രകാരം നിര്‍മിച്ച വീടുകള്‍ ഈ മാസം 7 ന് ജില്ലാ ഭരണകൂടത്തിന് കൈമാറും.
2019 ആഗസ്റ്റ് എട്ടിനാണ് പുത്തുമലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചലും ഉണ്ടാകുന്നത്. പതിനേഴുപേര്‍ മരണപ്പെടുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്തു. 63 വീടുകള്‍ പൂര്‍ണമായും നൂറോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതേ തുടര്‍ന്നാണ് പുത്തുമല പുനരധിവാസത്തിനായി വയനാട് ജില്ലാ ഭരണകൂടം ഹര്‍ഷം പദ്ധതി ആവിഷ്‌കരിക്കുന്നത്.
ഹര്‍ഷം പദ്ധതിതിയിലും പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പ്രളയ പുരനരധിവാസം -2019 പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. പദ്ധതിയുടെ ഭാഗമായി വീട് നിർമ്മിക്കാനുള്ള സ്ഥലം ജില്ലാ ഭരണകൂടമാണ് കണ്ടെത്തി നൽകിയത്. ഓരോ കുടുംബത്തിനും സര്‍ക്കാര്‍ നല്‍കിയ നാല് ലക്ഷം രൂപയും പീപ്പിള്‍സ് ഫൗണ്ടേഷന്റെ വിഹിതമായ അഞ്ച് ലക്ഷവും ചേര്‍ത്ത് 662 ചതുരശ്ര അടി വീതം വിസ്തീര്‍ണമുള്ള വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്.
2020 ഒക്‌ടോബര്‍ അഞ്ചിനാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ മേപ്പാടി പൂത്തക്കൊല്ലിയില്‍ വീടുകളുടെ നിര്‍മാണം ആരംഭിച്ചത്. ജില്ലാ ഭരണകൂടത്തിന്റെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും ജനകീയ കമ്മിറ്റിയുടെയും മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍ നടന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും പത്തുമാസം കൊണ്ട് നിർമ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ആഗസ്റ്റ് ഏഴിന് മേപ്പാടിയില്‍ വെച്ച് നടക്കുന്ന വീടുകളുടെ കൈമാറ്റ ചടങ്ങില്‍ എം.വി ശ്രേയാംസ്‌കുമാര്‍ എം.പി, അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ, ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേഷ്, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡണ്ട് ടി.പി യൂനുസ് തുടങ്ങിയവര്‍ സംബന്ധിക്കും.
ഹര്‍ഷം പദ്ധതിക്കു പുറമേ പുത്തുമല ദുരന്തത്തില്‍ വീടും സ്ഥവും നഷ്ടപ്പെട്ട ആറ് കുടുംബങ്ങള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ അഞ്ച് സെന്റ് സ്ഥലവും 500 സ്‌ക്വയര്‍ഫീറ്റുള്ള വീടും നിര്‍മിച്ചു നല്‍കിയിരുന്നു. ഇതിനു പുറമെ 2019 ലെ പ്രളയ ദുരന്തത്തില്‍പെട്ടവര്‍ക്കായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ വയനാട് ജില്ലയിൽ മാത്രം 10 വീടുകൾ നിർമ്മിക്കുന്നതിന് 70 ലക്ഷം രൂപയും സഹായമായി നൽകുകയുണ്ടായി.
മൂന്നു പ്രോജക്ടിലുമായി 2019 പുനരധിവാസ പദ്ധതിയിൽ 26 വീടുകളാണ് നിർമ്മിച്ചത്.2018 ലെ പ്രളയ പുനരധിവാസ പദ്ധതിയിൽ പനമരം, മാനന്തവാടി, മീനങ്ങാടി എന്നിവിടങ്ങളിലായി 44 വീടുകൾ ഉൾക്കൊള്ളുന്ന മൂന്നു പീപ്പിൾസ് വില്ലേജുകളും പണിതു നൽകുകയുണ്ടായി.
ജമാഅത്തെ ഇസ്ലാമി
ജില്ലാ പ്രസിഡൻറ് ടി.പി യൂനുസ്, പി.ആർ സെക്രട്ടറി ടി ഖാലിദ് പനമരം, സമിതിയംഗം സി.സലീം, പുനരധിവാസ സമിതി കൺവീനർ നവാസ് പൈങ്ങോട്ടായി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
