മൃഗാശുപത്രിക്കവലയിൽ വീണ്ടും വാഹനാപകടം; ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു
1 min read
മൃഗാശുപത്രിക്കവലയിൽ വീണ്ടും വാഹനാപകടം; ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു
കണിയാമ്പറ്റ: പച്ചിലക്കാട് – മീനങ്ങാടി റോഡിൽ വീണ്ടും വാഹനാപകടം. മൃഗാശുപത്രിക്കവലയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. മീനങ്ങാടിയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് മൃഗാശുപത്രി കവലയിലെ അപകട വളവിൽ വെച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. വാഹനത്തിനടിയിൽപ്പെട്ട യാത്രക്കാരെ നാട്ടുകാർ ചേർന്ന് വാഹനം ഉയർത്തിയാണ് രക്ഷപ്പെടുത്തിയത്. നിസ്സാര പരിക്കേറ്റ ഇവരെ കമ്പളക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ മൂന്ന് മാസത്തിനിടെ അഞ്ചോളം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മീനങ്ങാടി- പച്ചിലക്കാട് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി കഴിഞ്ഞിട്ട് ഒരു വർഷം തികയുമ്പോഴും അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തത് അപകടങ്ങൾ പെരുകാൻ കാരണമാക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.