സോണിയ ഇഡി ഓഫീസിൽ ; രാജ്യവ്യാപകമായി പ്രതിഷേധം : കേരളത്തിൽ ട്രെയിനുകൾ തടഞ്ഞ് യൂത്ത് കോൺഗ്രസ്
നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യലില്‍ കേരളത്തിൽ പ്രതിഷേധം ശക്തം. കോട്ടയം, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു.
കോട്ടയത്ത് ജനശതാബ്ദി എക്സ്പ്രസാണ് തടഞ്ഞത്. പിന്നീട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. കണ്ണൂരിൽ ഇന്‍റർസിറ്റി എക്സ്പ്രസ് അഞ്ചുമിനിറ്റ് തടഞ്ഞിട്ടു. പാലക്കാട് ട്രെയിനിന് മുകളിൽ കയറിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
ഇഡി നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപക സത്യഗ്രഹത്തിന് ആഹ്വാനം ചെയ്തിരുന്നു. സത്യഗ്രഹം സമാധാനപരമായി നടത്തണം എന്നാണ് നേതാക്കളുടെ നിർദേശം. ഡൽഹിയിലെ സത്യഗ്രഹത്തിൽ എംപിമാർ, പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
സോണിയ ഗാന്ധി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരാകുന്നതിനു മുമ്പ്, പ്രതിഷേധത്തിന് തയാറെടുക്കാൻ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. സമാധാനപരമായ സത്യഗ്രഹം നടത്താനാണ് പാർട്ടി പ്രവർത്തകരോട് നേതാക്കൾ ആവശ്യപ്പെട്ടത്.
അതേസമയം, നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിൽ ഹാജരായി. മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് എത്തിയത്. നാഷണൽ ഹെറാൾഡ് കേസില്‍ കഴിഞ്ഞയാഴ്ച സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. അനാരോഗ്യം പരിഗണിച്ച് രണ്ട് മണിക്കൂര്‍ നേരം മാത്രമാണ് സോണിയയെ ചോദ്യം ചെയ്തത്. കൊവിഡിനെ തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഏറെ നേരം ഇരിക്കാനാവില്ലെന്ന് സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ചൊവ്വാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത്.
കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുല്‍ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട് ഇഡി ചോദിച്ചതായാണ് വിവരം. യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചും സോണിയയോട് ഇഡി ചോദിച്ചിരുന്നു. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്തേക്കും.