വയനാട്ടില്‍ എംബിബിഎസ് വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണം ; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍
1 min readകല്‍പ്പറ്റ : വയനാട്ടില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായ യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആക്രമണം. മലപ്പുറം വണ്ടൂര്‍ സ്വദേശി കമറുദ്ദീൻ പൊലീസ് പിടിയിൽ. പരിക്കേറ്റ യുവതിയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിയമപരമായി പിരിഞ്ഞു കഴിയുകയായിരുന്നു ഇരുവരും. കോടതി നിര്‍ദേശപ്രകാരം ആഴ്ചയില്‍ ഒരു ദിവസം കുട്ടിയെ കാണാന്‍ പ്രതിക്ക് അനുമതി ഉണ്ടായിരുന്നു. കുട്ടിയെ വിദേശത്തെ ബന്ധുക്കളുടെ അടുത്തേക്ക് അയക്കാന്‍ യുവതി തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
വാടകവീട്ടില്‍ താമസിക്കുന്ന യുവതിയെ വീടിന് സമീപം ഒളിച്ചു നിന്ന കമറുദ്ദീന് ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. യുവതി അപകട നില തരണം ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതി കമറുദ്ദീനെ റിമാന്‍ഡ് ചെയ്തു.