ചൂതുപാറയിലും സിസി യിലും കടുവ ഇറങ്ങി
പനമരം : ചൂതുപാറയിലും, സിസി യിലും കടുവ ഇറങ്ങി. സി.സി.യിൽ ശനിയാഴ്ച രാത്രി 7.45 നും ചൂതുപാറയിൽ ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയും കടുവയെ കണ്ടതായാണ് നാട്ടുകാർ പറയുന്നത്.
സി.സി. – വാകേരി റോഡിൽ അക്വേഷ്യ ഗ്രൗണ്ടിന് സമീപം കടുവ റോഡ് മുറിച്ചു കടക്കുന്നത് കണ്ടതായാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് സി.സി. ഫോസ്റ്റ് ഓഫീസ് പരിസരത്തേക്ക് കടുവ കടന്നു. ചൂതുപാറ വളംഡിപ്പോക്ക് സമീപത്തുവെച്ചാണ് കടുവയെ കണ്ടെന്ന് നാട്ടുകാർ പറയുന്നത്. ഇതേ തുടർന്ന് രണ്ടിടങ്ങളിലും ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും മീനങ്ങാടി പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ചൂതുപാറയിൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തി.
കഴിഞ്ഞ വർഷവും ഇതേ സമയത്ത് സി.സി യിൽ കടുവയെത്തിയിരുന്നു. സി.സിയിലും പരിസരത്തും നാല് മാസത്തോളം വളർത്തുമൃഗങ്ങളെ വേട്ടയാടി അക്രമകാരിയായി ഭീതി പരത്തുകയും ചെയ്ത കടുവയെ ഒടുവിൽ വനം വകുപ്പ് കൂടുവെച്ച് പിടികൂടിയിരുന്നു. ചൂതുപാറയിൽ കഴിഞ്ഞ വർഷം പുലിയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.
അതേസമയം, സിസി യിലും പരിസരത്തും ഇപ്പോൾ പതിവായി കടുവ എത്തുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഒന്നിലധികം എണ്ണം ഉണ്ടെന്നും, രാത്രിയിൽ ഇവയുടെ കരച്ചിൽ കേൾക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇപ്പോൾ അക്രമകാരികൾ അല്ലെങ്കിലും വനം വകുപ്പ് ഇടപെട്ട് നാട്ടുകാരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്.
ചിത്രം : ചൂതുപാറയിൽ കണ്ടെത്തിയ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ.