September 21, 2024

കൃഷി ഓഫീസുകള്‍ കര്‍ഷക സൗഹൃദമാക്കണം – മന്ത്രി പി. പ്രസാദ്

1 min read
Share

കൃഷി ഓഫീസുകള്‍ കര്‍ഷക സൗഹൃദമാക്കണം – മന്ത്രി പി. പ്രസാദ്

കൽപ്പറ്റ: കാര്‍ഷിക മേഖലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കര്‍ഷകര്‍ക്ക് എറ്റവും എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ഇടമായി കൃഷി ഓഫീസുകള്‍ മാറണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന്റെ പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകര്‍ക്ക് ഉയര്‍ന്ന പരിഗണന ലഭിക്കുന്ന തരത്തിലേക്ക് ഓഫീസ് സംവിധാനങ്ങള്‍ മാറണം. സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഓഫീസുകളും ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറ്റും. പുതിയ കാലത്ത് പേപ്പര്‍ ലെസ് ഓഫീസുകള്‍ക്കാണ് പ്രസക്തി. ഇതോടു കൂടി കൃഷിയുമായും കര്‍ഷകരുമായും ബന്ധപ്പെട്ട ഫയലുകളുടെ നീക്കം വേഗത്തിലാകും. കര്‍ഷകര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തിലുളള ഇടപെടലുകള്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയുടെ പ്രാധാന്യവും ഗൗരവവും മനസിലാക്കിയുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. കര്‍ഷകര്‍ക്ക് കൃഷി കൊണ്ട് അന്തസ്സാര്‍ന്ന ഒരു ജീവിതം നയിക്കാന്‍ സാധിക്കണം. അതിന് വരുമാനത്തില്‍ അമ്പത് ശതമാനമെങ്കിലും വര്‍ദ്ധനവ് ഉണ്ടാകേണ്ടതുണ്ട്. ആവശ്യമെങ്കില്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം അടക്കമുളള കാര്യങ്ങള്‍ നല്‍കുന്നതും പരിഗണിച്ച് വരികയാണ്.

ജൈവകൃഷി രംഗത്തും സംസ്ഥാനത്തിന് ഏറെ മുന്നേറേണ്ടതുണ്ട്. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയ്ക്ക് ഏറെ പ്രസക്തിയുണ്ട്. വയനാട് ജില്ല തുടങ്ങി വെച്ച നല്ല പാഠം സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളും ഇന്ന്ഏറ്റെടുക്കുകയാണ്. ഈ വര്‍ഷം തന്നെ കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുളള മുഴുവന്‍ ഫാമുകളിലും കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ കര്‍ഷകരുമായി ആശയ വിനിമയം നടത്തും

കാര്‍ഷിക രംഗത്ത് വയനാടിന് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. കോവിഡ് തീവ്രത കുറഞ്ഞ ഉടനെ ജില്ലയിലെത്തി കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കും. ഏതെല്ലാ കാര്യങ്ങളിലാണ് ഇടപെടല്‍ വേണ്ടതെന്നും പോരായ്മകള്‍ നികത്തുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും കര്‍ഷകരുമായും ജനപ്രധിനിധികളു മായും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ പ്രവര്‍ത്തി ക്കുന്നവരുമായും ആശയവിനിമയം നടത്തുമെന്നും. അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ടി. സിദ്ധീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇ.ഓഫീസ് സ്വിച്ച് ഓണ്‍ കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു. എം.വി ശ്രേയാംസ് കുമാര്‍ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, കര്‍ഷക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി സുഭാഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജി. മുരളീധര മേനോന്‍, ആത്മ പ്രോജക്ട് ഡയറകടര്‍ വി.കെ സജിമോള്‍ എന്നിവര്‍ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.