September 21, 2024

നിയമങ്ങൾ കാറ്റിൽപറത്തി ബാണാസുര മലയിൽ നീര്‍ച്ചാല്‍ മണ്ണിട്ട് നികത്തിയതായി പരാതി; സ്റ്റോപ് മെമ്മോ

1 min read
Share

നിയമങ്ങൾ കാറ്റിൽപറത്തി ബാണാസുര മലയിൽ നീര്‍ച്ചാല്‍ മണ്ണിട്ട് നികത്തിയതായി പരാതി; സ്റ്റോപ് മെമ്മോ

വെള്ളമുണ്ട: അതീവ പരിസ്ഥിതി ലോല പ്രദേശമായ ബാണാസുര മലനിരയില്‍ നീര്‍ച്ചാല്‍ നികത്തിയതായി പരാതി. ബാണാസുരമലയിലെ പെരുങ്കുളം വനഭൂമിയോട് ചേര്‍ന്നാണ് വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ വ്യാപകമായി മണ്ണിടിച്ച്‌ നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നതായി പ്രദേശവാസികള്‍ പരാതിപ്പെടുന്നത്.

നിര്‍മാണ പ്രവൃത്തികള്‍ക്കായി എടുത്ത മണ്ണ് നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനും മറ്റ് ആവശ്യത്തിനുമായി ഉപയോഗിക്കുന്ന നീരുറവയായ കല്ലാംതോട്ടിലാണ് തള്ളിയത്. നീര്‍ച്ചാല്‍ നികത്തി നടത്തുന്ന പ്രവൃത്തികള്‍ വിവാദമായതോടെ വെള്ളമുണ്ട വില്ലേജ് അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കി പ്രവൃത്തി തടഞ്ഞു.

തോട് ഭാഗികമായി മൂടിയ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. കുറച്ചു ദിവസമായി തോട്ടിലെ വെള്ളം കലങ്ങിയത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ മുകള്‍ഭാഗത്ത് പോയി പരിശോധന നടത്തിയപ്പോഴാണ് ആയിരക്കണക്കിന് ലോഡ് മണ്ണ് കൂട്ടിയിട്ട അവസ്ഥ കണ്ടത്.

പഞ്ചായത്തോ വില്ലേജ് അധികൃതരോ ഈ സംഭവം അറിഞ്ഞിട്ടില്ലയെന്നത് ദുരൂഹത ഉയര്‍ത്തുന്നതായി നാട്ടുകാര്‍ പറയുന്നു. സ്വാഭാവിക ജലസ്രോതസ്സുകള്‍ മണ്ണിട്ട് മൂടാനോ വഴിതിരിച്ചുവിടാനോ പാടില്ല എന്ന് ശക്തമായ നിയമം നിലനില്‍ക്കെയാണ് നിര്‍മാണപ്രവര്‍ത്തനമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

വെള്ളം പൂര്‍ണമായും കലങ്ങുകയും ഒഴുക്ക് കുറയുകയും ചെയ്തതോടെ നീര്‍ച്ചാലിനെ ആശ്രയിക്കുന്ന പ്രദേശവാസികള്‍ ദുരിതത്തിലാണ്. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ 616ലാണ് നീര്‍ച്ചാല്‍ നികത്തി കുളം നിര്‍മിക്കുന്നത്.

നിയമപ്രകാരം അനുമതി ലഭിച്ചാല്‍ മാത്രമെ ഈ ഭൂമിയില്‍ നിര്‍മാണപ്രവൃത്തി നടത്താന്‍ പാടുള്ളൂ. ഇത് ലംഘിച്ച്‌ നീര്‍ച്ചാല്‍ നികത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രദേശത്തെ ഭൂമിയില്‍ ഊദ് കൃഷി തുടങ്ങാനാണ് കുളം നിര്‍മിച്ചതെന്നാണ് സ്ഥലമുടമകള്‍ പറയുന്നത്.

പുതിയ ക്വാറി തുടങ്ങുന്നതിന്‍റെ ഭാഗമായാണ് അനധികൃത നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വനത്തോടുചേര്‍ന്ന് അതിരു പങ്കിടുന്ന ഭൂമിയിലാണ് ക്വാറി തുറക്കാന്‍ തിരക്കിട്ടനീക്കം നടത്തുന്നത്. വെള്ളമുണ്ടയില്‍ ഭരണത്തില്‍ സ്വാധീനമുള്ള ചിലരാണ് ക്വാറിക്ക് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.