നൃത്തച്ചുവടിൽ വിസ്മയമൊരുക്കി സംറൂദ്
നൃത്തച്ചുവടിൽ വിസ്മയമൊരുക്കി സംറൂദ്
പനമരം: നൃത്ത കലയിൽ വിസ്മയമൊരുക്കുന്ന അഞ്ചാംമൈൽ സ്വദേശി സംറൂദ് രാജ്യാന്തര തലത്തിൽ ശ്രദ്ധേയനാകുന്നു. സോണി ടെലിവിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ‘ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ’ റിയാലിറ്റി ഷോയുടെ പുതിയ സീസണിൽ ഗ്രാൻഡ് ഫിനാലെയിലെ അവസാന അഞ്ച് മത്സരാർഥികളിൽ ഈ ഇരുപത്തി രണ്ടുകാരൻ ഇടംപിടിച്ചു.
നൃത്തകലയ്ക്ക് തന്റേതായ ശരീരഭാഷ്യം നൽകി കാണികളെ അമ്പരിപ്പിക്കുകയാണ് ഈ യുവാവ്. പ്രാഥമിക തലം മുതൽ ഇതുവരെ നടന്ന എല്ലാ റൗണ്ടുകളിലും പരമാവധി മാർക്കും നേടിയാണ് സംറൂദ് ഫൈനലിലെത്തിയത്. ബോളിവുഡ് സിനിമകളിലെ പ്രശസ്ത നൃത്ത സംവിധായകർ ഗീത കപൂർ, ടെറൻസ് വില്യംസ്, നടിയും നർത്തകിയുമായ മലായിക്ക അറോറ എന്നിവരാണ് റിയാലിറ്റി ഷോയുടെ വിധികർത്താക്കൾ. വിധികർത്താക്കൾക്കൊപ്പം അതിഥികളായെത്തിയ ധർമ്മേന്ദ്ര, ആശാ ബോസ്ലെ, ആശാ പരേഖ്, സുനിൽ ഷെട്ടി, കരീന കപൂർ, നൗറ ഫത്തേ തുടങ്ങിയവർ സംറൂദിന്റെ പ്രകടനങ്ങളെ ഏറെ പ്രശംസിച്ചിരുന്നു.
കുട്ടിക്കാലത്ത് അൽപ്പം തടിച്ച ശരീരപ്രകൃതി ഉണ്ടായിരുന്ന സംറൂദ് ഒരു വ്യായാമമെന്ന നിലയിൽ സ്വയം നൃത്തം ചെയ്തു തുടങ്ങുകയായിരുന്നു. സംറൂദിൻ്റെ ചുവടുകളിലും ചലനങ്ങളിലും അസാധാരണമായ പുതുമ കണ്ടെത്തിയ അധ്യാപകർ പ്രോത്സാഹനം നൽകി. സംറൂദ് പഠിച്ച സെന്റ് പാട്രിക്ക് സ്കൂൾ, കണിയാരം ഫാദർ ജി.കെ.എം. സ്കൂൾ, വെള്ളമുണ്ട ജി.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ ലഭിച്ച പ്രചോദനം പിന്നീട് നൃത്തരംഗത്ത് ഉറച്ചുനിൽക്കാൻ കരുത്തായി. നൃത്ത അധ്യാപകരായ സാബു, ജോബിൻ എന്നിവരാണ് സംറൂദിന് വിദഗ്ധ പരിശീലനം നൽകിയത്. ഇപ്പോൾ നൃത്തത്തിനൊപ്പം ബി.ബി.എ പഠനവും തുടരുകയാണ്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ജെ.എസ്. ഡാൻസ് അക്കാദമിയെന്ന ട്രൂപ്പും വിദ്യാലയവും ഇപ്പോൾ ഈ യുവാവിൻ്റെ പരീക്ഷണക്കളരിയാണ്.
അമൃത ടെലിവിഷന്റെ സൂപ്പർ ജൂനിയർ സീസൺ അഞ്ചിൽ ഫൈനലിസ്റ്റായും സീ കേരളം ചാനലിന്റെ ‘ഡാൻസ് കേരള ഡാൻസ്’ ഷോയിൽ ഫസ്റ്റ് റണ്ണർ അപ്പായും കഴിവ് തെളിയിച്ചിരുന്നു. സോണി ടെലിവിഷൻ്റെ ‘ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ’ റിയാലിറ്റി ഷോയിൽ വിജയിയാവാൻ പ്രേക്ഷകരുടെ വോട്ടും നിർണ്ണായകമാണ്. മുംബൈയിൽ ഇപ്പോൾ ഫിനാലെ ഷൂട്ടിംങ് നടന്നു കൊണ്ടിരിക്കുകയാണ്. ബോളിവുഡിന്റെ വർണ്ണലോകത്ത് ഒരു വയനാടൻ നക്ഷത്രമായി നാളെ സംറൂദ് ഉയർന്നു വരുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും. കെല്ലൂർ അഞ്ചാംമൈലിൽ ബൈത്തുന്നൂർ വീട്ടിൽ മുഹമ്മദ് റഫീഖ് – റസിയ ദമ്പതികളുടെ മൂത്ത പുത്രനാണ് സംറൂദ്. ഫാത്തിമ നസ്‌റിൻ, സന ഫാത്തിമ എന്നിവർ സഹോദരിമാരാണ്.