November 16, 2026

എസ്‌ഐആര്‍ : പുറത്തായവര്‍ക്ക് ഫോം ആറ് വഴി അപേക്ഷിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

Share

 

ഡല്‍ഹി: വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ പേര് വിട്ടുപോയവര്‍ക്ക് നിയമനടപടി ഭയപ്പെടാതെ ‘ഫോം 6’ വഴി വീണ്ടും അപേക്ഷിക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിം കോടതിയെ അറിയിച്ചു.മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരിക്കുകയും എസ്‌ഐആറിനെത്തുടര്‍ന്നു പുറത്താകുകയും ചെയ്തവര്‍ക്കാണ് ഈ അവസരം. ഇക്കാര്യത്തില്‍ പ്രാദേശിക ഭാഷകളിലടക്കം വ്യാപകമായ ബോധവത്കരണം നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് (സിഇഒ) നിര്‍ദേശം നല്‍കിയതായും കമ്മിഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

 

മുന്‍പുള്ള വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നവര്‍ വീണ്ടും ഫോം 6 വഴി അപേക്ഷിച്ചാല്‍, 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 31-ാം വകുപ്പ് പ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടിവരുമോ എന്ന ആശങ്ക പലരും ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു കമ്മിഷന്റെ വിശദീകരണം. അപേക്ഷകന് മറ്റേതെങ്കിലും ലോക്സഭാ-നിയമസഭാ മണ്ഡലത്തില്‍ വോട്ടില്ലെങ്കില്‍, മുന്‍പ് പട്ടികയില്‍ പേരുണ്ടായിരുന്നെന്ന കാരണത്താല്‍ മാത്രം ഫോം 6 നല്‍കുന്നതിനെതിരേ ഒരു നിയമനടപടിയും സ്വീകരിക്കില്ലെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.