രണ്ടേനാലിൽ കാറിടിച്ച് കാൽനട യാത്രികയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം
മാനന്തവാടി : എടവക രണ്ടേനാലിൽ വെച്ച് കാറിടിച്ച് കാൽനടയാത്രികയായ പന്ത്രണ്ടു വയസ്സുകാരി മരിച്ചു. രണ്ടേനാൽ സ്വദേശികളായ പടിഞ്ഞാറേ പുത്തൻപുരയിൽ രാജേഷിൻ്റെയും സ്വപ്നയുടെയും മകൾ ദിവ ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് 4.45 ഓടെ രണ്ടേനാൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. അനുജനോടൊപ്പം റോഡരികിലൂടെ നടന്നുപോകവേ പിന്നിൽ നിന്നും തെറ്റായ ദിശയിൽ പാഞ്ഞുവന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും, പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിവ. പിതാവ് രാജേഷ് മാനന്തവാടി മെഡിക്കൽ കോളേജിൽ ഐടി കോർഡിനേറ്ററായിരുന്നു. നിലവിൽ അദ്ദേഹം ഓസ്ട്രിയയിലാണ്. മാതാവ് സ്വപ്ന മാനന്തവാടി ഡീഗ് സാ ബ്യൂട്ടി പാർലർ നടത്തിവരികയാണ്. ദിഖ, ഡെറിക് എന്നിവർ സഹോദരങ്ങളാണ്.
കാർ ഓടിച്ചിരുന്ന അയിലമൂല സ്വദേശി സജി ഏബ്രഹാം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വയനാട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
