October 9, 2026

കാൻസര്‍ മരുന്നുകളുടെ വില 70 ശതമാനത്തോളം കുറയും ; 30 ശതമാനമായി പരിമിതപ്പെടുത്താൻ തീരുമാനം

Share

 

കാൻസർ മരുന്നുകള്‍ക്ക് വ്യാപാര മാർജിൻ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താൻ തീരുമാനം. നാഷണല്‍ ലിസ്റ്റ് ഓഫ് എസൻഷ്യല്‍ മെഡിസിൻസില്‍ (NLEM) ഉള്‍പ്പെടാത്ത മരുന്നുകള്‍ക്കാണ് ട്രേഡ് മാർജിൻ പരമാവധി കുറക്കാൻ തീരുമാനിച്ചത്.

 

ഇതോടെ ഇത്തരം മരുന്നുകളുടെ വിലയില്‍ 70 ശതമാനം വരെ കുറവുണ്ടാകും. പുതിയ നടപടി കാൻസർ രോഗികള്‍ക്ക് പ്രതിവർഷം 2,500 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

 

മരുന്നുകള്‍ വിതരണക്കാർക്കും ചില്ലറ വില്‍പ്പനക്കാർക്കും നല്‍കുന്ന വിലയും ഉപഭോക്താക്കള്‍ക്കുള്ള പരമാവധി വില്‍പ്പന വിലയും തമ്മിലുള്ള അന്തരം കുറച്ച്‌ മരുന്നുകളുടെ വില നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബ്രാൻഡഡ്, ജനറിക് മരുന്നുകള്‍ക്കൊപ്പം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ മരുന്നുകള്‍ക്കും പേറ്റന്റുള്ളതും ഇല്ലാത്തതുമായ മരുന്നുകള്‍ക്കും പുതിയ നിയന്ത്രണം ബാധകമാകും.

 

35 പേറ്റന്റുള്ള മരുന്നുകള്‍ ഉള്‍പ്പെടെ 110-ലധികം പ്രമുഖ കാൻസർ പ്രതിരോധ മരുന്നുകളെ ഈ ഉത്തരവ് നേരിട്ട് സഹായിക്കും. നേരത്തെ അവശ്യമരുന്നുകളുടെ പട്ടികയിലുള്ള 131 കാൻസർ മരുന്നുകള്‍ക്ക് മാത്രമായിരുന്നു നാഷണല്‍ ഫാർമസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി വിലനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

 

ഓരോ മരുന്നിന്റെയും നിലവിലെ വ്യാപാര ഘടനയും ലാഭവിഹിതവും അനുസരിച്ച്‌ പരമാവധി ചില്ലറ വില്‍പ്പന വിലയില്‍ 20 മുതല്‍ 70 ശതമാനം വരെ കുറവുണ്ടാകാം. നിലവില്‍ ഷെഡ്യൂള്‍ഡ് പട്ടികയില്‍ ഉള്‍പ്പെട്ട കാൻസർ മരുന്നുകള്‍ക്ക് സർക്കാർ നിശ്ചയിച്ച വിലപരിധി ബാധകമാണ്. പുതിയ തീരുമാനത്തിലൂടെ പട്ടികയില്‍ ഉള്‍പ്പെടാത്ത കാൻസർ മരുന്നുകള്‍ക്കും വില നിയന്ത്രണം വ്യാപിപ്പിക്കുകയാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.

 

ഇന്ത്യയില്‍ കാൻസർ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കായി രോഗികളും കുടുംബങ്ങളും വലിയ സാമ്പത്തിക ബാധ്യത നേരിടുന്നുണ്ട്. ചികിത്സാ ചെലവിന്റെ വലിയൊരു ഭാഗം പലപ്പോഴും സ്വന്തം കൈയില്‍നിന്ന് കണ്ടെത്തേണ്ടിവരുന്നു. മരുന്നുകളുടെ അമിതവിലയും അന്യായമായ വ്യാപാര ലാഭവും നിയന്ത്രിച്ച്‌ രോഗികള്‍ക്ക് ന്യായമായ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുകയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്രം വ്യക്തമാക്കി.

 

2019 ഫെബ്രുവരിയില്‍ കേന്ദ്ര നിർദേശത്തെത്തുടർന്ന് തിരഞ്ഞെടുത്ത ഷെഡ്യൂള്‍ഡ് പട്ടികയില്‍പ്പെടാത്ത കാൻസർ മരുന്നുകളുടെ വ്യാപാര മാർജിൻ എൻപിപിഎ പരിമിതപ്പെടുത്തിയിരുന്നു. ഇതിലൂടെ അന്ന് ചില മരുന്നുകളുടെ പരമാവധി ചില്ലറ വില്‍പ്പന വിലയില്‍ 91 ശതമാനം വരെ കുറവുണ്ടായി.

 

അതേസമയം, ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി ഷെഡ്യൂള്‍ഡ് പട്ടികയില്‍പ്പെടാത്ത കാൻസർ മരുന്നുകളുടെ ഉല്‍പ്പാദനം നിലവിലെ അളവില്‍ തുടരാൻ നിർമാതാക്കള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

 


Share
Copyright © All rights reserved. | Newsphere by AF themes.