60 കഴിഞ്ഞാല്‍ മാസം 3000 രൂപ പെൻഷൻ : പി.എം പദ്ധതിയില്‍ ചേരാം
കൃഷിയില്‍ നിന്നുള്ള വരുമാനം എല്ലായ്‌പ്പോഴും സ്ഥിരമായിരിക്കണമെന്നില്ല. കാലാവസ്ഥാ വ്യതിയാനം, പ്രളയം, വരള്‍ച്ച തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ വിളനാശത്തിനും സാമ്പത്തിക നഷ്ടത്തിനും കാരണമാകാം. പ്രായം കൂടുന്നതോടെ കൃഷിപ്പണിയില്‍ സജീവമായി തുടരാന്‍ കഴിയാത്ത സാഹചര്യം കൂടി വരുന്നതോടെ കര്‍ഷകരുടെ സാമ്പത്തിക സുരക്ഷയും പ്രധാന വിഷയമാകുന്നു. ഈ സാഹചര്യത്തില്‍ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് വാര്‍ധക്യകാലത്ത് സാമ്പത്തിക പിന്തുണ നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ മാന്‍ധന്‍ യോജന.
മാസം എത്ര രൂപ അടയ്ക്കണം?
പദ്ധതിയില്‍ ചേരുന്ന സമയത്തെ പ്രായത്തിനനുസരിച്ചാണ് കര്‍ഷകന്‍ അടയ്‌ക്കേണ്ട മാസവരി. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. മാസത്തില്‍ 55 രൂപ മുതല്‍ 200 രൂപ വരെയാണ് കര്‍ഷകന്റെ വിഹിതം. ചെറുപ്രായത്തില്‍ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് സാധാരണയായി കുറഞ്ഞ മാസവരി മതിയാകും.ഭാര്യക്കും ഭര്‍ത്താവിനും പ്രത്യേകം അംഗമാകാം
അര്‍ഹതയുള്ള ഭാര്യയ്ക്കും ഭര്‍ത്താവിനും പദ്ധതിയില്‍ പ്രത്യേകം ചേരാം. ഇരുവരും സ്വന്തം പേരില്‍ നിശ്ചിത മാസവരി അടയ്ക്കണം. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഓരോരുത്തര്‍ക്കും മാസം 3,000 രൂപ വീതം പെന്‍ഷന്‍ ലഭിക്കും. അതായത് ഭാര്യയും ഭര്‍ത്താവും പദ്ധതിയില്‍ അംഗങ്ങളാണെങ്കില്‍ ഇരുവര്‍ക്കുമായി മാസം 6,000 രൂപ വരെ പെന്‍ഷന്‍ ലഭിക്കാനുള്ള അവസരമുണ്ട്.
ആര്‍ക്കാണ് പദ്ധതിയില്‍ ചേരാനാകുക?
18നും 40നും ഇടയില്‍ പ്രായമുള്ള കര്‍ഷകരാണ് പദ്ധതിയില്‍ ചേരാന്‍ അര്‍ഹര്‍. കര്‍ഷകന്റെ കൈവശം പരമാവധി രണ്ട് ഹെക്ടര്‍ കൃഷിയോഗ്യമായ ഭൂമി ഉണ്ടായിരിക്കണമെന്നതും പ്രധാന വ്യവസ്ഥകളിലൊന്നാണ്. പദ്ധതിയില്‍ ചേര്‍ന്ന ശേഷം നിശ്ചിത മാസവരി കൃത്യമായി അടയ്ക്കുകയും വേണം.
എങ്ങനെ അപേക്ഷിക്കാം?
പദ്ധതിയില്‍ അംഗമാകാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് സമീപത്തെ പൊതുസേവന കേന്ദ്രം വഴി രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവ ആവശ്യമായി വരും.
