ലോട്ടറിക്ക് സമ്മാനം അടിച്ചില്ലെന്നാരോപിച്ച് കടയുടമയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു
ബത്തേരി : എടുത്ത ലോട്ടറിക്ക് സമ്മാനം അടിച്ചില്ലെന്നാരോപിച്ച് കടയുടമയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നമ്പ്യാർകുന്ന് സ്വദേശി വിനീത രജീഷ് (32) നാണ് കുത്തേറ്റത്. നെൻമേനി പഞ്ചായത്തിലെ നമ്പ്യാർകുന്ന് പൂങ്കാവനം ലോട്ടറി ഉടമയാണ് വിനീത. സംഭവത്തില്‍ തമിഴ്നാട് പാട്ടവയല്‍ സ്വദേശിയായ ശിവകുമാർ (44) നെ നൂല്‍പ്പുഴ പോലിസ് കസ്റ്റഡിയില്‍ എടുത്തു. വിനീതയുടെ തലയ്ക്കും കഴുത്തിനുമാണ് കുത്തേറ്റത്. വിനീതെയ സുല്‍ത്താൻബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഈ ലോട്ടറി കടയില്‍ നിന്ന് സ്ഥിരമായി ടിക്കറ്റുകള്‍ എടുക്കാറുള്ള ആളാണ് ശിവകുമാർ. എന്നാല്‍ ഒരിക്കല്‍പോലും സമ്മാനം അടിച്ചില്ലെന്നാരോപിച്ച് വിനീതയുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കത്തിനിടെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിനീതയെ കുത്തിപരിക്കേല്‍പ്പിച്ചു.
ആക്രമണം നടക്കുന്ന സമയത്ത് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ശിവകുമാറിനെ പിടിച്ചുമാറ്റിയതിനാലാണ് വിനീത രക്ഷപ്പെട്ടതെന്നാണ് വിവരം. ആക്രമണത്തില്‍ തലയ്ക്കും കഴുത്തിനും പരിക്കേറ്റ വിനീതയെ ഉടൻ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയം ശിവകുമാർ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
