September 24, 2026

പരിസ്ഥിതി ലോല പ്രദേശം (ഇഎസ്എ) നിർദ്ദേശം പുനഃപരിശോധിക്കണം : എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മറ്റി

Share

 

മാനന്തവാടി : 2026 ജൂലൈ 27ലെ പരിസ്ഥിതി ലോല പ്രദേശം (ESA) കരട് വിജ്ഞാപനത്തിൽ തൊണ്ടർനാട് വില്ലേജിനെ ഉൾപ്പെടുത്തിയതിലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

 

വനമേഖലകൾക്കൊപ്പം തന്നെ ജനവാസ കേന്ദ്രങ്ങളും വീടുകളും കൃഷിയിടങ്ങളും തോട്ടങ്ങളും ആദിവാസി മേഖലകളും പൊതുസ്ഥാപനങ്ങളും ഉൾപ്പെടുന്ന ജനസാന്ദ്രതയേറിയ പ്രദേശമാണ് തൊണ്ടർനാട്. അതിനാൽ തൊണ്ടർനാടിനെ പൂർണമായും ESA പരിധിയിൽ ഉൾപ്പെടുത്താതെ സർവേ നമ്പർ, കാഡസ്ട്രൽ മാപ്പ് എന്നിവയുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി ലോല പ്രദേശാതിർത്തി ശാസ്ത്രീയമായി പുനർനിർണ്ണയിക്കണം.

 

കർഷകരുടെയും ആദിവാസി സമൂഹങ്ങളുടെയും നിയമപരമായ ഭൂമി, കൃഷി, ഉപജീവനം, വനാവകാശങ്ങൾ എന്നിവ സംരക്ഷിക്കപ്പെടണം. അതേസമയം അനധികൃത ക്വാറി, മണ്ണെടുപ്പ്, വനനശീകരണം, അശാസ്ത്രീയ നിർമാണം തുടങ്ങിയ യഥാർത്ഥ പരിസ്ഥിതി നാശങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം.

 

അന്തിമ വിജ്ഞാപനത്തിന് മുമ്പ് ഗ്രാമസഭകളുടെയും ജനങ്ങളുടെയും അഭിപ്രായം പരിഗണിച്ച് ജനവാസ-കാർഷിക മേഖലകളെ ഒഴിവാക്കി ESA അതിർത്തി പുനർനിർണ്ണയിക്കണമെന്നും ഇതിനായി മണ്ഡലത്തിലെ ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക, പരിസ്ഥിതി സംഘടനകളും ഉണർന്ന് പ്രവർത്തിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

 

യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പോക്കർ തേറ്റമല അധ്യക്ഷത വഹിച്ചു. മാനന്തവാടി മണ്ഡലം പ്രസിഡൻറ് വി സുലൈമാൻ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ, സെക്രട്ടറി അബു സി കെ,ജോയിന്റ് സെക്രട്ടറി മുഹമ്മദലി, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ മുത്തലിബ്, ഇ ഉസ്മാൻ വിവിധ ബ്രാഞ്ച് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


Share
Copyright © All rights reserved. | Newsphere by AF themes.